കാസർകോട് അരയി കാർത്തിക കാവിലെ 'തോണി തെയ്യം' അരങ്ങേറിയതോടെ വടക്കേ മലബാറിലെ തെയ്യക്കാലത്തിന് ഔപചാരിക തുടക്കമായി. കൃഷിയുടെ ദേവതമാർ പുഴ കടന്ന് കന്നുകാലികളുടെ സംരക്ഷകനായ കാലിച്ചാൻ ദൈവത്തെ കാണാൻ പോകുന്ന അപൂർവ്വ സൗഹൃദക്കാഴ്ചയാണ് ചടങ്ങിന്റെ പ്രത്യേകത.
ജീവിതപ്പുഴപോലെ പരന്നുകിടക്കുന്ന അരയിപ്പുഴ. ഇരുകരകളിലായി ഗ്രാമങ്ങൾ. വർഷത്തിലൊരിക്കൽ ഈ പുഴയിലൂടെ തോണി മറുകരയിലേക്ക് പുറപ്പെടും. തോണിയിലെത്തുന്ന ദൈവങ്ങളെ സ്വീകരിക്കാൻ അക്കരയിൽ കാലിച്ചേകവൻ കാത്തുനിൽക്കും.
കാർത്തികക്കാവിൽനിന്ന് കാർത്തിക ചാമുണ്ഡിയും തെയ്യത്തുകാരി തെയ്യവും ഗുളികനും തോണിയിൽ അരയിപ്പുഴ കടന്നെത്തുന്നത് തങ്ങളുടെ കൂട്ടുകാരനായ കാലിച്ചേകവനെ കാണാനാണ്. കൃഷിയുടെയും കന്നുകാലികളുടെയും സംരക്ഷണവുമായി ബന്ധപ്പെട്ട വിശ്വാസങ്ങൾ ഇഴചേരുന്ന അപൂർവ ആചാരം. നാട്ടുവിശേഷങ്ങൾ പങ്കുവെച്ചും ദേശത്തെയും കൃഷിയെയും കാത്തുരക്ഷിക്കാനുള്ള വാക്കുകൾ പുതുക്കിയും ദൈവങ്ങൾ ഗ്രാമത്തിലൂടെ സഞ്ചരിക്കും. തുടർന്ന് ഉപചാരം ചൊല്ലി പിരിയുന്നതോടെ ചടങ്ങിന് സമാപനമാകും.അരയിയുടെ കാർഷിക പാരമ്പര്യത്തോടും നാടിന്റെ ചരിത്രത്തോടും ചേർന്നുനിൽക്കുന്നതാണ് ഈ ആചാരം. തലമുറകളായി കൈമാറിവരുന്ന വിശ്വാസത്തിന്റെയും സൗഹൃദത്തിന്റെയും അടയാളം കൂടിയാണ് തോണി തെയ്യം.