കാസർകോട് തൃക്കരിപ്പൂരിൽ സിപിഎം നിയന്ത്രണത്തിലുള്ള ക്ഷീര വ്യവസായ സഹകരണ സംഘത്തിൽ ലക്ഷങ്ങളുടെ തിരിമറിയെന്ന് ആരോപണം. ഡിവൈഎഫ്ഐ നേതാവായ സംഘം സെക്രട്ടറി പല പദ്ധതികളുടെയും തുക സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി. പ്രതിഷേധമുയർന്നതോടെ സംഘം പൊലീസിൽ പരാതി നൽകി. 

 വിവിധ ഇനങ്ങളിലായി 12 ലക്ഷത്തോളം രൂപ സെക്രട്ടറി തട്ടിയെടുത്തു എന്നാണ് പുറത്തുവരുന്ന വിവരം. ക്ഷീര കർഷകർക്കുള്ള കാലിത്തീറ്റയുടെ ഗുണഭോക്തൃ വിഹിതമായ ആറര ലക്ഷം രൂപ കർഷകരിൽ നിന്ന് വാങ്ങി എട്ടുമാസത്തേളമായി കേരള ഫീഡ്സിന് നൽകിയിട്ടില്ല.

സംഘം മുഖേന ശേഖരിക്കേണ്ട തുക സെക്രട്ടറി നേരിട്ട് സ്വീകരിക്കുകയായിരുന്നു. മിൽമയിൽ നിന്നും ഒന്നര ലക്ഷത്തോളം രൂപക്ക് നെയ്യ് വാങ്ങി വിൽപ്പന നടത്തിയ തുകയും മിൽമക്ക് നൽകിയിട്ടില്ല. സഹകരണ സംഘം ഓഡിറ്റ് റിപ്പോർട്ട് പ്രകാരം സെക്രട്ടറി സംഘത്തിൽ അടച്ചുതീർക്കേണ്ട മുന്നു ലക്ഷത്തിലേറെ രൂപ മാസങ്ങൾ കഴിഞ്ഞിട്ടും അടച്ചിട്ടില്ല. സംഘത്തിൽ നിന്നും 35 ചാക്ക് കാലിത്തീറ്റ വിൽപ്പന നടത്തിയ 75000ത്തോളം രൂപയും, കന്നുകാലി പരിപാലന പദ്ധതി പ്രകാരം പിരിച്ചെടുത്ത 20,000 ത്തോളം രൂപയും സംഘത്തിൽ അടക്കുവാൻ ഉണ്ട്. തിരിമറി പുറത്തുവന്നതോടെ സെക്രട്ടറി അവധിയിലാണ്. സംഭവം വിവാദമായതിന് പിന്നാലെ സംഘം ഭരണസമിതിയും നിർവഹണ ഉദ്യോഗസ്ഥയായ വെറ്റിനറി സർജനും മുഖം രക്ഷിക്കാൻ ചന്തേര പൊലീസിൽ പരാതി നൽകി. എന്നാൽ സമരപരിപാടികളുമായി വിഷയം ചൂടുപിടിപ്പിക്കാനാണ് യുഡിഎഫ് തീരുമാനം. യുഡിഎഫ് തൃക്കരിപ്പൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്ഷീര വ്യവസായ സഹകരണ സംഘം ഓഫീസിലേക്ക് പശുക്കിടാവുമായി പ്രതിഷേധ മാർച്ചും ധർണയും നടത്തി.

ENGLISH SUMMARY:

A major financial irregularity, reportedly amounting to about ₹12 lakh, has been alleged at the CPM-controlled Trikkarippur Milk Co-operative Society in Kasaragod. The local DYFI leader and Society Secretary is accused of diverting funds from various schemes, including ₹6.5 lakh collected from farmers for cattle feed beneficiaries, and proceeds from ghee sales, into his personal account. Following protests, primarily led by the UDF, the society's governing body filed a complaint with the Chandera Police. The UDF staged a protest march to escalate the issue. The Secretary is currently on leave.