മഞ്ചേശ്വരം റെയിൽവേ സ്റ്റേഷന് സമീപത്തെ ഓട്ടോ സ്റ്റാൻഡ് നീക്കാനുള്ള നടപടിക്കെതിരെ പ്രതിഷേധം. കലക്ടറുടെ ഉത്തരവില്ലാതെ ദേശീയപാത നിർമ്മാണ കമ്പനി സ്റ്റാൻഡ് നീക്കാനുള്ള ശ്രമം നേരിയ സംഘർഷത്തിന് ഇടയാക്കി. കലക്ടറുടെ ഉത്തരവില്ലാതെ സ്റ്റാൻഡിൽ നിന്ന് ഒഴിയില്ലെന്നാണ് ഓട്ടോ തൊഴിലാളികളുടെ നിലപാട്.
കാലങ്ങളായി മഞ്ചേശ്വരം റെയിൽവേ സ്റ്റേഷന് സമീപത്തെ രാഗം ജംഗ്ഷനിലാണ് ഓട്ടോ സ്റ്റാൻഡ് ഉള്ളത്. ദേശീയപാത വികസനം വന്നതോടെ സ്റ്റാൻഡ് ഇവിടെ നിന്നും നീക്കണമെന്ന സ്ഥിതിയായി. ദേശീയപാത നിർമ്മാണ കമ്പനി പലകുറി ശ്രമിച്ചെങ്കിലും ഇത് നടന്നില്ല. വിഷയത്തിൽ കളക്ടറുടെ ഇടപെടൽ ആവശ്യപ്പെട്ട നിവേദനം നൽകിയിരിക്കെയാണ് ഇന്നലെ യുഎൽസിസിഎസ് നിർമ്മാണ കമ്പനി ഉദ്യോഗസ്ഥർ സ്റ്റാൻഡ് നീക്കാൻ എത്തിയത്. നിർമ്മാണ കമ്പനി തൊഴിലാളികളെ ഓട്ടോറിക്ഷ തൊഴിലാളികൾ തടഞ്ഞു.
നിർമ്മാണ കമ്പനി ഉദ്യോഗസ്ഥർ, കളക്ടർ, ഓട്ടോ തൊഴിലാളി പ്രതിനിധികൾ എന്നിവർ ചേർന്ന് ചർച്ച ചെയ്ത് പരിഹാരം കാണാമെന്നായിരുന്നു അറിയിപ്പ്. അതിനിടെയാണ് കളക്ടറുടെ വ്യക്തമായ ഒരു ഉത്തരവുമില്ലാതെ നിർമ്മാണ കമ്പനി ഓട്ടോ സ്റ്റാൻഡ് നീക്കാൻ ശ്രമിച്ചത്. കളക്ടറുടെ ഉത്തരവില്ലാതെ നിർമ്മാണം നടത്താൻ ആകില്ലെന്ന് സ്ഥലത്തെത്തിയ പൊലീസും നിലപാടെടുത്തതോടെയാണ് സംഘർഷാവസ്ഥ അയഞ്ഞത്.