കാസർകോട് മൂക ദമ്പതികളെ ലൈഫ് ഭവന പദ്ധതിയിൽ നിന്ന് ഒഴിവാക്കിയതായി പരാതി. വീട് ലഭിച്ചെന്ന് പഞ്ചായത്തിൽ നിന്ന് അറിയിപ്പുണ്ടായ ശേഷമാണ് ഒഴിവാക്കപ്പെട്ടതെന്നാണ് ആരോപണം. എൻഡോസൾഫാൻ ദുരിതബാധിതൻ കൂടിയായ മുഹമ്മദ് അൻസാറിനും കുടുംബത്തിനും നേരെയാണ് സിപിഎം ഭരിക്കുന്ന മുളിയാർ പഞ്ചായത്തിന്‍റെ അവഗണന.
ബോവിക്കാനം മുതലപ്പാറ സ്വദേശികളായ മുഹമ്മദ് അൻസാറിനും ഭാര്യക്കും സംസാരശേഷിയില്ല. അൻസാറിന്‍റെ പിതാവ് അബ്ദുല്ലക്കൊപ്പമാണ് മൂന്ന് മക്കൾ അടങ്ങുന്ന കുടുംബം കഴിയുന്നത്. തിങ്ങി ഞെരുങ്ങിയാണ് 9 പേർ ഈ ചെറിയ വീട്ടിൽ താമസിക്കുന്നത്. എൻഡോസൾഫാൻ ദുരിതബാധിതൻ കൂടിയായ അൻസാറിന് വീട് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പിതാവ് ഇഷ്ടദാനമായി നൽകിയ അഞ്ച് സെൻറ് സ്ഥലത്ത് ലൈഫ് ഭവന പദ്ധതിയിൽ അപേക്ഷിച്ചത്. ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തുകയും വീട് ലഭിച്ചതായി വാർഡ് മെമ്പർ അറിയിച്ചതായും പിതാവ് അബ്ദുള്ള പറയുന്നു. പിന്നീട് പഞ്ചായത്തിൽ ചെന്നപ്പോൾ വീണ്ടും അപേക്ഷ നൽകാൻ നിർദ്ദേശം.
അതേസമയം വീട്ടുകാർ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും മുൻഗണന അനുസരിച്ച് വീട് അനുവദിക്കും എന്നുമാണ് പഞ്ചായത്തിന്റെ വിശദീകരണം. അതായത് എൻഡോസൾഫാൻ ദുരിതബാധിതൻ, ഭാര്യയും ഭർത്താവും മൂകർ, ഒബിസി വിഭാഗത്തിൽപ്പെടുന്നവർ എന്നിവയൊന്നും മുൻഗണനയ്ക്ക് ഇതുവരെ കാരണമായിട്ടില്ല. സിപിഎം ഭരിക്കുന്ന പഞ്ചായത്തിൽ ഇഷ്ടക്കാർക്കാണ് മുൻഗണനയെന്നാണ് ആരോപണം. ഇതോടെ കൂലിപ്പണിയിൽ ഉപജീവനം കണ്ടെത്തുന്ന കുടുംബം സ്വന്തമായി ഒരു വീടിന് ഇനിയും എത്ര കാലം കാത്തിരിക്കണം എന്നാണ് സർക്കാറിനോട് ചോദിക്കുന്നത്.