കാസർകോട് നിർമ്മാണം പൂർത്തിയായ ദേശീയപാത ഫുട് പാത്തുകളിലൂടെ നടക്കാൻ കായിക അഭ്യാസം അനിവാര്യമാണ്. ഇലക്ട്രിക്ക് പോസ്റ്റുകളും മറ്റ് തൂണുകളും വെട്ടിച്ച് കടന്നും, ഉയർന്നിരിക്കുന്ന സ്ലാബുകൾ ചാടി കടന്നും വേണം യാത്ര ചെയ്യാൻ. സ്ഥല പരിമിതി മൂലം ചിലയിടങ്ങളിൽ ഫുഡ് പാത്തുകൾ ഇല്ലാത്തതും, ഉള്ളടത്ത് വാഹന പാർക്കിങ്ങും സ്ഥിരം കാഴ്ചയാണ്.
കാസർകോട് ഗവൺമെൻറ് കോളേജ് അരികെ തരക്കേടില്ലാത്ത ഫുഡ് പാത്തുകൾ ഉണ്ട്. പക്ഷേ ഇടയ്ക്കിടെ വെട്ടിച്ച് കടന്ന് ആളുകൾക്ക് ഒരു കായിക അധ്വാനം ആയിക്കോട്ടെ എന്ന് കരുതിയിട്ടാവും ഈ പോസ്റ്റുകൾ നടുവിൽ വച്ചാണ് കരാർ കമ്പനി പാത നിർമ്മിച്ചത്. ആളുകളുടെ വഴി തടയുക അല്ലാതെ ഈ പോസ്റ്റുകൾ കൊണ്ട് ഒരു ഗുണവുമില്ല കാരണം ഇവയ്ക്കൊന്നും മണ്ട ഇല്ല.
ഇത്തരത്തിൽ ഉപകാരമില്ലാത്ത നിരവധി പോസ്റ്റുകൾ വഴി തടസ്സപ്പെടുത്തി നിൽപ്പുണ്ട്. ഇവ നീക്കാൻ കെഎസ്ഇബി തയ്യാറല്ല. പണി പൂർത്തിയാക്കേണ്ട ധൃതികൾ നിർമ്മാണ കമ്പനി അവയ്ക്ക് ചുറ്റും നടപ്പാത നിർമ്മിച്ചു. മാറ്റി സ്ഥാപിച്ച പോസ്റ്റുകളും നടപ്പാതയ്ക്ക് നടുവിലാണ് നിൽക്കുന്നത്. കെഎസ്ഇബിയുടെ നിസ്സഹരണം മൂലം നടപ്പാത ഉപയോഗിക്കാൻ ആളുകൾ അല്പം ശ്രമപ്പെടണം.
നിർമ്മാണ കമ്പനിയും ചില്ലറക്കാരല്ല. കാൽനട യാത്രയ്ക്ക് ഏറ്റവും കുറവ് പ്രാധാന്യമുള്ളതിനാൽ ഫുട്പാത്തിന് നടുവിൽ തന്നെ വിവിധങ്ങളായ സൈൻ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. നിർമ്മാണ കമ്പനിക്ക് സൗകര്യപൂർവ്വം ഫുട്പാത്തിന്റെ വശങ്ങളിൽ സ്ഥാപിക്കാവുന്നതാണ് നടുവിൽ തന്നെ പ്രതിഷ്ഠിച്ചത്. സ്ഥലം ഇല്ലാത്തതിനാൽ വാഹന പാർക്കിംങും നടപ്പാതയിലാണ്. സ്ഥലം ഏറ്റെടുപ്പിലെ പ്രശ്നങ്ങൾ മൂലം ചിലയിടങ്ങളിൽ ഫുട്പാത്ത് പോലുമില്ല. ഉള്ളയെടുത്ത് വഴി നടക്കാൻ കായിക ശേഷി പ്രധാനം.
നടപ്പാത പോലുമില്ലാതിരുന്നിടത്ത് ഇത്രയെങ്കിലും കിട്ടിയില്ലേ എന്ന ക്യാപ്സ്യൂൾ ഡയലോഗ് വേണ്ട. ഇത്രയും കാലം ഇല്ലാത്തതുകൊണ്ട് ജനങ്ങൾക്ക് ഇനി മികച്ച നടപ്പാതയ്ക്ക് അർഹതയില്ല എന്ന് ദേശീയപതാ അതോറിറ്റി കരുതുന്നുണ്ടോ. ഇല്ലെങ്കിൽ ഉള്ള സ്ഥലത്തെങ്കിലും തടസ്സമില്ലാതെ വഴി നടക്കാനുള്ള സംവിധാനം ഒരുക്കണം.