കാസർകോട് കുമ്പളയിൽ ദേശീയപാത നിർമ്മാണം മൂലം വീടിന് പുറത്തിറങ്ങാൻ ആകാതെ അംഗപരിമിതൻ. ദേശീയപാത വികസനത്തിനായി പഞ്ചായത്ത് റോഡ് ഏറ്റെടുത്തതോടെയാണ് കുടുംബം ഒറ്റപ്പെട്ടത്. ഏഴു പേർ അടങ്ങുന്ന കുടുംബത്തിന് വീട്ടിലേക്ക് നടന്നുപോലും പോകുന്നത് ദുർഘടമാണ്.
ദേശീയപാത ഷിറിയ പാലത്തിന് സമീപത്താണ് മുഹമ്മദിൻറെ വീട്. ജന്മനാ ശാരീരിക പരിമിതിയുള്ള ഇയാൾ അടുത്തകാലത്ത് വരെ ജോലി ചെയ്തിരുന്നു. പക്ഷാഘാതം വന്നതോടെ നടക്കാൻ പോലും ബുദ്ധിമുട്ടായി. പാലത്തിന് സമീപത്തുള്ള മേഖലയിൽ ഇവർക്ക് മാത്രമാണ് വീട് ഉള്ളത്. ഇവിടേക്ക് പഞ്ചായത്ത് റോഡും ഉണ്ടായിരുന്നു. ദേശീയപാത വികസനം ഇവർക്ക് റോഡ് ഇല്ലാതായി. വീട്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങണമെങ്കിൽ മുഹമ്മദിനെ ചുമന്നു കൊണ്ടു പോണം.
ദേശീയപാതയ്ക്കായി ഏറ്റെടുത്തെങ്കിലും ഓട്ടോ വരാനുള്ള വീതിയിൽ ചെറിയ വഴിയുണ്ടായിരുന്നു. എന്നാൽ അവിടെ നിർമ്മാണ കമ്പനി ഡ്രൈനേജിനായി കുഴിച്ചു. റോഡ് നിർമ്മാണം പൂർത്തിയായെങ്കിലും, ഡ്രൈനേജ് നിർമ്മിക്കാൻ യു.എൽ.സി.സി ഇതുവരെ തയ്യാറായിട്ടില്ല. ഇതോടെ നടന്നുപോലും പോകുന്നത് അസാധ്യമായി. വണ്ടി വരാത്തതിനാൽ കുടിവെള്ളം ചുമടായി ഈ വഴിയിലൂടെ കൊണ്ടുവരണം. നിർമ്മാണ കമ്പനിക്കും പഞ്ചായത്തിനും കളക്ടർ പരാതി നൽകിയെങ്കിലും നടപടിയില്ല. വീതി കുറഞ്ഞങ്കിലും ഓട്ടോറിക്ഷ എങ്കിലും വന്നിരുന്ന വഴി കുളിച്ചിട്ട് ഡ്രെയിനേജ് പണിയാതെ നിർമ്മാണ കമ്പനി മുഹമ്മദ് കുടുംബത്തോടും ചെയ്യുന്നത് കണ്ണില്ലാത്ത ക്രൂരതയാണ്. അടിയന്തര ഇടപെടൽ ആവശ്യമാണ്.