കാസർകോട് ഇടയിലെക്കാട് കാവിലെ വാനരർക്ക് ഇക്കുറിയും മുടക്കമില്ലാതെ ഓണസദ്യ ഒരുക്കി. നവോദയ ബാലവേദിയുടെ നേതൃത്വത്തിൽ 18 ഇനങ്ങൾ ഉൾപ്പെടുന്ന സദ്യയാണ് വാനരർക്കായി ഒരുക്കിയത്. 18 വർഷം മുമ്പാണ് ഇടയിലക്കാട് കാവിൽ വാനരസദ്യ ആരംഭിച്ചത്.
ഇടയിലക്കാട് കാവിലെ വാനരപ്പടയ്ക്ക് ഇക്കുറിയും ഓണസദ്യ കെങ്കേമമായിരുന്നു. ഇത് പതിനേട്ടാമത്തെ വർഷമാണ് വാനരർക്കായി ഇവിടെ സദ്യ ഒരുക്കുന്നത്. ഇടയിലെക്കാട് നവോദയ ഗ്രന്ഥാലയം ബാലവേദിയാണ് അവിട്ടം നാളിൽ വാനരക്കൂട്ടത്തിന് സദ്യ ഒരുക്കിയത്. പൈനാപ്പിൾ, പപ്പായ, പേരയ്ക്ക, സപ്പോട്ട തുടങ്ങി 18 ഇനങ്ങളാണ് സദ്യയിൽ വിളമ്പിയത്. തീൻമേശ കയ്യടിക്കിയ കുരങ്ങന്മാർ കഴിയാവുന്നത്രയും വിഭവങ്ങൾ വാരിയെടുത്ത് കവിൾ സഞ്ചിയും വയറും നിറച്ചു. വരിക്കച്ചക്കയോടും തണ്ണി മത്തനോടുമായിരുന്നു വാനരക്കൂട്ടത്തിന് ഏറെ പ്രിയം.
ഇടയിലെക്കാട് കാവിൽ മനുഷ്യരോട് ഇണക്കമുള്ള 30 ഓളം കുരങ്ങുകളാണ് ഉള്ളത്. ഇവയുടെ സംരക്ഷണം ലക്ഷ്യമിട്ടാണ് നവോദയ ഗ്രന്ഥാലയം ബാലവേദി വാനരസദ്യക്ക് തുടക്കമിട്ടത്. ഉപ്പു ചേർക്കാത്തതും ആരോഗ്യപ്രദവുമായ ഭക്ഷണം മാത്രമേ കുരങ്ങുകൾക്ക് നൽകാവൂ എന്ന ബോധവൽക്കരണവും വാനര സദ്യയിലൂടെ സംഘാടകർ ലക്ഷ്യമിടുന്നു.