കഴിഞ്ഞമാസം മണ്ണിടിച്ചിൽ ഉണ്ടായ കാസർകോട് വീരമല കുന്നിൽ മണ്ണ് നീക്കാനുള്ള നടപടികൾ ആരംഭിച്ചു. മഴ സൃഷ്ടിച്ച അപകട ഭീഷണി കണക്കിലെടുത്താണ് മണ്ണ് നീക്കാതിരുന്നത്. മലയുടെ സംരക്ഷണത്തിനായി തട്ടുതട്ടായി സംരക്ഷണ കവചം ഒരുക്കുന്ന പദ്ധതിക്കും വൈകാതെ തുടക്കമാകും.
കഴിഞ്ഞ മാസമാണ് വീരമലയിൽ വൻ മണ്ണിടിച്ചിൽ ഉണ്ടായത്. വീണ്ടും ഇടിയുമെന്ന ഭീതിയും, മഴയും കണക്കിലെടുത്ത് ദേശീയപാതയിലേക്ക് പതിച്ച മണ്ണ് നീക്കിയിരുന്നില്ല. വിദഗ്ധ പരിശോധനയ്ക്ക് പിന്നാലെയാണ് മണ്ണ് നീക്കാനുള്ള നടപടി ആരംഭിക്കുന്നത്. ഇടിഞ്ഞുവീണ മണ്ണ് സംരക്ഷണ ഭിത്തിക്ക് ഉള്ളിലേക്ക് തന്നെ നിക്ഷേപിക്കുന്ന നടപടിയാണിത്. മണ്ണിടിച്ചിൽ ഉണ്ടായപ്പോഴും നിലവിലെ സംരക്ഷണഭിത്തിക്ക് കേടു പറ്റിയിട്ടില്ല എന്നാണ് നിഗമനം.
ആദ്യഘട്ടം എന്ന നിലയിലാണ് സംരക്ഷണഭിത്തി മണ്ണിട്ട് നിറയ്ക്കുന്നത്. കുത്തനെ മല വെട്ടിയിറക്കിയതാണ് അപകടകാരണമെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ആയതിനാൽ മല കൂടുതൽ ഇടിയാതിരിക്കാൻ തട്ടുകളാക്കി സംരക്ഷണ കവചം ഒരുക്കും. നിലവിൽ ലഭ്യമായ സ്ഥലത്ത് തട്ടുതട്ടായി നിർമ്മാണം സാധ്യമല്ല. മൂന്ന് ഹെക്ടർ സ്‌ഥലം കൂടി ഇതിന് വേണം. ഇതിൽ 90% സ്ഥലം മണ്ണിടിച്ചിൽ ഉണ്ടായ മേഖലയാണ്. ബാക്കി ഭാഗമാണ് മലയുടെ മുകളിൽ നിന്നും ഏറ്റെടുത്ത തട്ടായി ഇടിച്ച് ഇറക്കേണ്ടത്. വ്യാപക പ്രതിഷേധമുള്ള മേഖലയിൽ ദേശീയപാത അതോറിറ്റി നിർദ്ദേശം നൽകിയതനുസരിച്ചാണ് നിർമ്മാണം. മലയിൽ നിന്നും മാറി വയലിലൂടെ പാത നിർമ്മിക്കണമെന്നാണ് വീരമല സംരക്ഷണ സമിതിയുടെ ആവശ്യം. മലക്ക് മുകളിൽ വെള്ളം ഇറങ്ങുന്ന തുറന്ന പ്രദേശം ചൂണ്ടിക്കാട്ടിയാണ് ഈ ആവശ്യം. അപകട സാധ്യത കണക്കിലെടുത്ത് മേഖലയിൽ രാത്രികാല നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.