കാസർകോട് സ്കൂൾ അധികൃതരുടെ എതിർപ്പ് മറികടന്ന് സർക്കാർ എൽ.പി സ്കൂളിന് സമീപം ട്രാൻസ്ഫോമർ സ്ഥാപിച്ച് കെഎസ്ഇബി. ദിവസേന നിരവധി കുട്ടികൾ വരുന്ന കുഞ്ചത്തൂരിൽ എൽ.പി സ്കൂളിന്‍റെ പ്രധാന പ്രവേശന കവാടത്തിലാണ് ട്രാൻസ്ഫോമർ. രേഖാമൂലം പരാതി നൽകിയിട്ടും ട്രാൻസ്ഫോമർ മാറ്റി സ്ഥാപിക്കാൻ ആകില്ല എന്നാണ് കെഎസ്ഇബിയുടെ നിലപാട്. 

കേരള കർണാടക അതിർത്തി പ്രദേശമായ കുഞ്ചത്തൂരിലെ വോൾട്ടേജ് പ്രതിസന്ധി പരിഹരിക്കാൻ അടുത്തിടെയാണ് കെഎസ്ഇബി പുതിയ ട്രാൻസ്ഫോമർ സ്ഥാപിച്ചത്. ദേശീയപാത നിർമ്മാണത്തിന് പിന്നാലെ കുഞ്ചത്തൂർ സർക്കാർ എൽപി സ്കൂളിനും സർവീസ് റോഡിനും ഇടയിലുള്ള ചെറിയ പ്രദേശത്താണ് ട്രാൻസ്ഫോർമറിന്റെ സ്ഥാനം. സ്കൂളിൻറെ പ്രധാന പ്രവേശന കവാടത്തോടെ ചേർന്നാണ് ഇത്. നാട്ടുകാരുടെയും രക്ഷിതാക്കളുടെയും എതിർപ്പ് മറികടമായിരുന്നു ട്രാൻസ്ഫോർമർ സ്ഥാപിച്ചത്. രേഖാമൂലം സ്കൂൾ അധികൃതർ പരാതി നൽകിയെങ്കിലും ഫലമില്ല.

സമീപത്തെ മദ്രസയിലേക്ക് കുട്ടികൾ പോകുന്നത് ഈ സർവീസ് റോഡിൻറെ ഓരം പറ്റിയാണ്. മഴക്കാലത്ത് ഷോർട്ട് സർക്യൂട്ട് ഉണ്ടാക്കുന്നതു ഉൾപ്പെടെ ആശങ്കയായി മാറിയിരിക്കുകയാണ്. മറ്റിടങ്ങളിലേക്ക് മാറ്റി സ്ഥാപിക്കാൻ സ്ഥല ഉടമകൾ അനുവദിക്കില്ല എന്നാണ് കെഎസ്ഇബിയുടെ വാദം. അതിനു പരിഹാരമായാണ് കുട്ടികളുടെ ജീവൻ പണയം വെച്ച് സ്കൂളിനോട് ചേർന്ന് ട്രാൻസ്ഫോർമർ സ്ഥാപിച്ചത്. മറ്റൊരു അപകടം ഉണ്ടാകുന്നതിനു മുൻപ് ഇടപെടൽ ആവശ്യമാണ്.  

ENGLISH SUMMARY:

A controversy has erupted in Kasaragod after the Kerala State Electricity Board (KSEB) installed a transformer at the entrance of a government LP school in Kunjathur, despite strong objections from school authorities and parents. Concerns over student safety are growing, especially during the rainy season, but KSEB maintains the transformer cannot be relocated.