കാസർകോട് ചെറുവത്തൂരിൽ അത്യാധുനിക രീതിയിൽ റോഡ് നിർമിക്കാൻ നിലവിലെ റോഡ് കുത്തിപ്പൊളിച്ചതോടെ ദുരിതത്തിലായി നാട്ടുകാർ. മഴ വന്നതോടെ പണി പാതിയിൽ നിലച്ചതാണ് ദുരിതത്തിന് കാരണം. റോഡ് മുഴുവനായും കുത്തിപ്പൊളിച്ച് മുകളിൽ ഷീറ്റ് വിരിച്ചാണ് പുതിയ ടാറിങ് നടത്തുക.
കയ്യൂർ–ചീമേനി, ചെറുവത്തൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചെറുവത്തൂർ വലിയപൊയിൽ–നെടുമ്പ റോഡിൽ ടാറിങ് പുനരാരംഭിക്കണമെങ്കിൽ ഇനി മഴക്കാലം കഴിയണം. അതുവരെ ദുർഘടം പിടിച്ച റോഡിലൂടെയാണ് ജനങ്ങൾ യാത്ര ചെയ്യേണ്ടത്. പരിസ്ഥിതി സൗഹൃദവും നിർമാണ ചെലവ് കുറയ്ക്കുന്നതുമായ ഫുൾ ഡെപ്ത് റിക്ലമേഷൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് റോഡ് നിർമാണം. പഴയ റോഡ് മാന്തിയെടുത്ത് സിമന്‍റും കെമിക്കലും ചേർത്ത് പുതിയ റോഡിനായി ഉപയോഗിക്കും. ഇതിനു മുകളിൽ പ്രത്യേക തരം തുണി വിരിച്ച ശേഷമാണ് വീണ്ടും ടാറിങ് നടത്തുക. എന്നാൽ ടാറിങ് നടത്താത്ത പ്രദേശങ്ങളിൽ കിളച്ചിട്ട റോഡും റോഡിൽ വിരിച്ച് തുണിയും ഒരുപോലെ യാത്രക്കാർക്ക് ബുദ്ധിമുട്ടായി മാറുകയാണ്. ഇവിടെ ഇരുചക്രവാഹനങ്ങൾ അപകടത്തിൽ പെടുന്നതും പതിവാണ്.
പ്രവർത്തിയുടെ ഭാഗമായി കലുങ്കുകളുടെയും ചപ്പാത്തുകളും നിർമിക്കുന്നതും അശാസ്ത്രീയമായാണെന്നും നാട്ടുകാര്‍ക്ക് പരാതിയുണ്ട്. അഞ്ചു കോടി രൂപ ചെലവിൽ നിർമിക്കുന്ന റോഡിന് 60% തുക കേന്ദ്ര വിഹിതവും 40% സംസ്ഥാന വിഹിതവുമാണ്. റോഡിന്‍റെ അഞ്ചുവർഷത്തെ പരിപാലനത്തിനായി 46 ലക്ഷം വകയിരുത്തിയിട്ടുമുണ്ട്.