കാസർകോട് നഗരത്തിലെ പാതാള കുഴിയിൽ വീണ് രണ്ടുപേരുടെ കാലുകൾ ചതഞ്ഞ് അരഞ്ഞിട്ടും, തിരിഞ്ഞു നോക്കാതെ പൊതുമരാമത്ത് വകുപ്പ്. അപകടം ഉണ്ടാക്കിയ കുഴി താൽക്കാലികമായി അടയ്ക്കാൻ പോലും നടപടിയില്ല. ഇന്നലെ പുലർച്ചെയാണ് റോഡിലെ കുഴിയിൽ വീണ യുവാക്കളുടെ കാലിൽ കണ്ടെയ്നർ ലോറി കയറിയത്.
കാസർകോട് നഗരത്തിൽ ഉണ്ടായ ഈ അപകടത്തിന് ഉത്തരവാദികൾ പൊതുമരാമത്ത് വകുപ്പാണ്. പുതിയ ബസ് സ്റ്റാൻഡ് മുതൽ കാഞ്ഞങ്ങാട് സംസ്ഥാനപാത ആരംഭിക്കുന്നത് വരെയുള്ള എംജി റോഡിലെ പാതാളക്കുഴികളിലേക്ക് വകുപ്പ് തിരിഞ്ഞു നോക്കിയിട്ടില്ല. അത്തരമൊരു കുഴിയിലാണ് ഇന്നലെ പുലർച്ചെ രണ്ട് യുവാക്കൾ അപകടത്തിൽപ്പെട്ടത്. റോഡിൽ വീണ യുവാക്കളുടെ കാലിൽ കണ്ടെയ്നർ ലോറി കയറി. മണിക്കൂറുകൾക്കുശേഷം അഗ്നിരക്ഷാസേനയാണ് യുവാക്കളെ പുറത്തെത്തിച്ചത്. നഗര മധ്യത്തിലെ 500 മീറ്റർ മാത്രം ദൂരമുള്ള റോഡിലാണ് ഈ ദുരവസ്ഥ.
ഇതേ റോഡിൽ തന്നെ സീവേജ് കുഴിയുടെ മുകൾഭാഗവും ഇടിഞ്ഞ് താണിരിക്കുകയാണ്. മഴയത്ത് ഈ കുഴിയിൽ വീണ് മുമ്പ് അപകടമുണ്ടായിട്ടുണ്ട്. ഇതോടെ നടുറോഡിൽ കുഴിക്ക് മുന്നിലായി പ്ലാസ്റ്റിക് ബാരിക്കേഡ് സ്ഥാപിച്ചാണ് സംരക്ഷണം. മഴ കഴിയാതെ റോഡിൽ ഒന്നും ചെയ്യാൻ ആകില്ലെന്നാണ് പൊതുമരാമത്ത് വകുപ്പ് പറയുന്നത്. മഴ കഴിയുന്നതുവരെ ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ താൽക്കാലികമായി കുഴികൾ മൂടാൻ വകുപ്പ് തയാറല്ല.