TOPICS COVERED

കാസർകോട് റാഗിങ് കേസുകളിൽ പൊലീസിന്റെ കള്ളക്കളി.ആദൂരിൽ വിദ്യാർഥിയുടെ കഴുത്തിനു പരുക്കേറ്റ റാഗിങ് പരാതിയിൽ ഒരാഴ്ച പിന്നിട്ടിട്ടും കേസ് റജിസ്റ്റർ ചെയ്തിട്ടില്ല. പൈവളിഗയിലെ റാഗിങ് പരാതിയിൽ, റാഗിങ് വിരുദ്ധ വകുപ്പ് ചേർത്തില്ല.സ്കൂളുകളിലെ റാഗിങ് വിരുദ്ധ സമിതികൾ കൃത്യമായി റിപ്പോർട്ട് നൽകിയിട്ടും പൊലീസിന് അനക്കമില്ല.

ഒരാഴ്ച മുമ്പാണ് ആദൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥികൾക്ക് നേരെ സീനിയേഴ്സിൻ്റെ ആക്രമണം ഉണ്ടായത്.ഷൂസ് ധരിച്ചു വന്ന വിദ്യാർത്ഥിയുടെ കൈ ബെഞ്ച് മറിച്ചിട്ട് ഒടിച്ചു.ഷർട്ടിന്റെ മുകളിലെ ബട്ടൺ ധരിക്കാത്ത വിദ്യാർഥിയെ തല്ലി ചതച്ച് കഴുത്തിൽ ഗുരുതര പരുക്കേൽപ്പിച്ചു.ഒരു മതിലിനപ്പുറം ആദൂർ പൊലീസ് സ്റ്റേഷൻ ഇരിക്കുന്നിടത്താണ് ഈ ആക്രമണം. കഴുത്തിന് പരുക്കേറ്റ കുട്ടി കഴിഞ്ഞ തിങ്കളാഴ്ച പരാതി നൽകിയിട്ടും ഇതുവരെ കേസെടുത്തിട്ടില്ല.കുട്ടിയെ പരിശോധിച്ച ഡോക്ടർ കുറിപ്പടിയിൽ തന്നെ റാഗിങ് സംശയിക്കുന്നു എന്ന് എഴുതിയിട്ടും, സ്കൂളിൽ നിന്ന് പരാതി ലഭിച്ചിട്ടും കേസെടുത്തിട്ടില്ല. 

കൈക്ക് പരുക്കേറ്റ വിദ്യാർഥി ഇറങ്ങിയോടി പൊലീസ് സ്റ്റേഷനിലേക്ക് എത്തിയതിനാൽ, ആറ് പ്ലസ് ടു വിദ്യാർഥികൾക്കെതിരെ സംഘം ചേർന്നുള്ള ആക്രമണത്തിന് കേസെടുത്തു. റാഗിങ് നടന്നെന്ന് സ്കൂൾ റിപ്പോർട്ട് നൽകിയിട്ടും സമ്മർദ്ദങ്ങൾക്കൊടുവിൽ ഒരാഴ്ച കഴിഞ്ഞാണ് വകുപ്പ് ചേർത്തത്. രണ്ട് സംഭവങ്ങളിലുമായി 9 വിദ്യാർഥികളെയാണ് സ്കൂൾ സസ്പെൻഡ് ചെയ്തത്.

അടുത്തത് പൈവളിഗ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലാണ്. പെൺ സുഹൃത്തുമായി സംസാരിച്ചതിന് പൊതുസ്ഥലത്ത് സീനിയർ വിദ്യാർഥികൾ പ്ലസ് വൺ വിദ്യാർഥിയെ മർദ്ദിക്കുകയായിരുന്നു. മറ്റൊരു വിദ്യാർഥിയെ ശുചിമുറിയിൽ വച്ചും മർദ്ദിച്ചു. രണ്ടും റാഗിങ് എന്ന് കണ്ടെത്തി സ്കൂൾ പ്രിൻസിപ്പൽ മഞ്ചേശ്വരം പൊലീസിന് റിപ്പോർട്ട് കൈമാറി. പക്ഷേ റോഡിൽ വച്ചുണ്ടായ മർദ്ദനത്തിൽ മാത്രം കേസെടുത്തു, അതും സാധാരണ അടിപിടി വകുപ്പുകളിൽ മാത്രം. 

കഴിഞ്ഞമാസം ഈ രണ്ടു സ്കൂളുകളിലും റാഗിങ് വിരുദ്ധ ബോധവൽക്കരണ ക്ലാസുകൾ നടത്തിയിരുന്നു. പിന്നാലെ പൈവളിഗ സ്കൂളിലെ 7 ലക്ഷത്തിന്‍റെ ടോയ്ലറ്റ് കോംപ്ലക്സ് പ്ലസ് ടു വിദ്യാർത്ഥികൾ നശിപ്പിച്ചു. ക്ലാസിലെ സീലിംഗ് ഫാനുകൾ തകർത്തു.പൗരബോധമില്ലാത്ത ക്രിമിനലുകളെ വാർത്തെടുക്കുന്നിടങ്ങളായി നമ്മുടെ സ്കൂളുകൾ മാറാതിരിക്കാൻ കർശന നടപടി ഉണ്ടായേ മതിയാകൂ.

ENGLISH SUMMARY:

In Kasaragod, police inaction in ragging cases raises serious concerns. Even a week after a student suffered a neck injury due to ragging in Adoor, no case has been registered. In another incident from Paivalike, the anti-ragging section was omitted from the complaint. Despite reports from school anti-ragging committees, the police remain inactive.