കഴിഞ്ഞദിവസം ഉണ്ടായ ശക്തമായ മഴയിൽ നഷ്ടങ്ങൾ ഏറ്റുവാങ്ങി കാസർകോട്ടെ കല്ലുമ്മക്കായ കർഷകർ. വെള്ളത്തിലെ ഉപ്പുരസം മാറിയതോടെ വാ തുറന്ന കല്ലുമ്മക്കായ വാങ്ങാൻ ആളില്ലാതെയായി. കിലോയ്ക്ക് 200 രൂപ പ്രതീക്ഷിച്ചിടത്ത് ഇപ്പോൾ ലഭിക്കുന്നത് 50 രൂപയിലും താഴെയാണ്.
കാസർകോട് കവ്വായി കായലിൽ കല്ലുമ്മക്കായ വിളവെടുപ്പ് കാലം മേയ് മാസം അവസാനമാണ്. കാലവർഷം തുടങ്ങി കായൽ വെള്ളത്തിലെ ഉപ്പുരസം മാറുന്നതിനു മുമ്പ് കല്ലുമ്മക്കായ മുഴുവൻ വിളവെടുക്കണം. കിലോയ്ക്ക് 200 രൂപയ്ക്കും മുകളിലാണ് ലഭിക്കാറ്. എന്നാൽ ഈ പ്രതീക്ഷകൾക്ക് മുകളിൽ തീ മഴയായാണ് കഴിഞ്ഞദിവസം കാലവർഷം പെയ്തിറങ്ങിയത്.
പ്രാദേശികമായി വിറ്റഴിക്കുന്നതിന് പുറമേ ഇതര ജില്ലയിൽ നിന്നും കല്ലുമ്മക്കായക്ക് ആവശ്യക്കാർ എത്താറുണ്ട്. എന്നാൽ അണ മുറിയാതെ പെയ്ത മഴയിൽ കല്ലുമ്മക്കായകൾ വാ തുറന്നതോടെ ആരും വാങ്ങാതെയായി. 200 രൂപ പ്രതീക്ഷിച്ചിടത്ത് ഇപ്പോൾ ലഭിക്കുന്നത് 50 രൂപയിലും താഴെയാണ്. കല്ലുമ്മക്കായ കേടുകൂടാതെ വിൽപ്പന നടത്താൻ കഴിഞ്ഞാൽ മാത്രം പണം നൽകാമെന്ന ധാരണയിലാണ് കർഷകരിൽ നിന്നും വിൽപ്പനക്കാർ വാങ്ങുന്നത്. വിലയിടിഞ്ഞതോടെ ഇത്രയും കാലത്തെ അധ്വാനം വെറുതെയായി യാഥാർത്ഥ്യത്തിന് മുന്നിൽ പകച്ചു നിൽക്കുകയാണ് കർഷകർ.