കാസർഗോഡ് തൃക്കരിപ്പൂരിൽ ജെൽ ജീവൻ മിഷൻ കുടിവെള്ള പൈപ്പിടാൻ കുഴിയെടുത്തതോടെ തകർന്ന് ഗ്രാമീണ റോഡുകൾ. കുഴികൾ മണ്ണിട്ട് മൂടിയെങ്കിലും മഴയായതോടെ ഇടിഞ്ഞു താഴ്ന്നതാണ് ദുരിതത്തിന് കാരണം. മറ്റിടങ്ങളിൽ കുഴി കോൺക്രീറ്റ് ഇട്ട് ബലപ്പെടുത്തുമ്പോൾ തൃക്കരിപ്പൂർ പഞ്ചായത്തിനെ അവഗണിക്കുന്നതിൽ പ്രതിഷേധത്തിലാണ് നാട്ടുകാർ.
312 കോടി ചെലവിലാണ് ഗ്രാമീണ മേഖലകളിൽ കുടിവെള്ളം എത്തിക്കാൻ ജൽ ജീവൻ മിഷൻ പദ്ധതി നടപ്പാക്കുന്നത്. ഇതിനായി തൃക്കരിപ്പൂർ തങ്കയം ബീച്ചേരി റോഡിനോട് ചേർന്ന് കുഴി എടുത്തിരുന്നു. ഉറപ്പിക്കാതെ മണ്ണിട്ട് മൂടിയ കുഴികൾ, മഴയായതോടെ ഇടിഞ്ഞു താഴാൻ തുടങ്ങി. വീതി കുറഞ്ഞ ഗ്രാമീണ റോഡുകളുടെ ഒരു ഭാഗം ഇടിഞ്ഞ് താഴ്ന്നതോടെ ദുരിതത്തിലാണ് നാട്ടുകാർ. മറ്റു പഞ്ചായത്തുകളിൽ കുഴി കോൺക്രീറ്റ് ഇട്ട് ബലപ്പെടുത്തുമ്പോഴാണ് തങ്കയത്ത് റോഡ് ഇടിഞ്ഞു താഴുന്നത്.
പരമാവധി റോഡുകൾ കേടുപാട് കൂടാതെ ശ്രദ്ധിക്കുമെന്നാണ് മിഷൻ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പറയുന്നത്. ആവശ്യമുള്ള മേഖലകളിൽ റോഡിന് അരിക കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്താൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. എന്നാൽ റോഡിന് കുറുകെ കുടിയെടിക്കുന്നിടത്ത് മാത്രം കോൺക്രീറ്റ് ചെയ്യുമെന്നാണ് അവലോകന യോഗത്തിനുശേഷം പഞ്ചായത്ത് പ്രസിഡൻറ് വി.കെ ബാവ പറയുന്നത്. ഇതോടെ റോഡിൻറെ കാര്യത്തിൽ വ്യക്തതയില്ലാതെ കുഴയുകയാണ് നാട്ടുകാർ.