കാസർകോട് ഷിറിയയിൽ വൃദ്ധ ദമ്പതികളുടെ വീട്ടിലേക്കുള്ള വഴി തടസ്സപ്പെടുത്തിയതായി പരാതി. ഷിറിയ ഓണന്തയിലെ നാരായണന്റെയും പാർവതിയുടെയും നടവഴിയാണ് ബന്ധുക്കൾ ഗേറ്റ് ഉപയോഗിച്ച് പൂട്ടിയത്
85 വയസ്സുണ്ട് ഗൃഹനാഥൻ നാരായണന്. 77 വയസ്സ് പിന്നിട്ടു പാർവതിക്ക്. രണ്ടുപേർക്കും വാർധക്യസഹജമായ അസുഖങ്ങൾ ഉണ്ട്. കൈത്താങ്ങാകേണ്ട ബന്ധുക്കളാണ് ഇവരുടെ വീട്ടിലേക്കുള്ള വഴി തടസപ്പെടുത്തിയത്. വഴി ഗേറ്റ് സ്ഥാപിച്ചു താഴിട്ട് പൂട്ടി. പകരം ചെറിയ കുട്ടിക്ക് പോലും പുറത്തിറങ്ങാൻ കഴിയാത്ത വീതി കുറഞ്ഞ വഴിയൊരുക്കി.
ഇവരുടെ വീട്ടിലേക്ക് എത്താനുള്ള വഴി വില കൊടുത്തു വാങ്ങിയതാണെന്നും സ്ഥലത്തിന്റെ സുരക്ഷക്കാണ് ഗേറ്റ് സ്ഥാപിച്ചതെന്നുമാണ് ബന്ധുവിന്റെ വാദം. മരിക്കുന്നതിന് മുമ്പെങ്കിലും വഴിതുറന്ന് കാണണമെന്ന ആഗ്രഹത്താൽ വാർധക്യത്തിലും നിയമ പോരാട്ടം തുടരുകയാണ് ദമ്പതികൾ.