നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതികൾ ഒളിവിൽ. കേസിലെ ഒന്നും രണ്ടും പ്രതികളായ ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ചന്ദ്രശേഖരൻ, സെക്രട്ടറി ഭരതൻ എന്നിവരാണ് ജില്ലാ സെഷൻസ് കോടതി ജാമ്യം റദ്ദാക്കിയതോടെ ഒളിവിൽ പോയത്. ഇവരടക്കം ഏഴ് പ്രതികളെയാണ് ഇനി പിടികൂടാനുള്ളത്.
നീലേശ്വരം വെടിക്കെട്ട് അപകടത്തെ തുടർന്ന് അറസ്റ്റിലായ ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻ, സെക്രട്ടറി കെ ടി ഭരതൻ, പടക്കത്തിന് തിരികൊളുത്തിയ ഏഴാം പ്രതി പി രാജേഷ് എന്നിവർക്ക് ഹോസ്ദുർഗ് സിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിച്ച അന്ന് തന്നെ ചന്ദ്രശേഖരനും ഭരതനും ജയിൽ മോചിതരാവുകയും ചെയ്തു. ജാമ്യക്കാർ എത്താത്തതിനാൽ ഏഴാം പ്രതി രാജേഷിന് പുറത്തിറങ്ങാൻ കഴിഞ്ഞില്ല. ഇതിനിടയിൽ അന്വേഷണ ഉദ്യോഗസ്ഥനായ കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങോത്ത് നൽകിയ അപ്പീലിൽ ജില്ലാ സെഷൻസ് കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കി. കോടതിയിൽ ഹാജരാവാതിരുന്ന പ്രതികൾക്കായി അറസ്റ്റ് വാറന്റും പുറപ്പെടുവിച്ചു.
പക്ഷേ ജാമ്യം റദ്ദാക്കി രണ്ടുദിവസം പിന്നിട്ടിട്ടും പ്രധാന പ്രതികളെ പിടികൂടാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. പ്രതികളെത്താൻ സാധ്യതയുള്ള ബന്ധു വീടുകളിലും, പയ്യന്നൂർ പറശ്ശിനിക്കടവ് എന്നിവിടങ്ങളിലെ ഹോട്ടൽ മുറികളിലും പൊലീസ് പരിശോധന നടത്തി. ഇരുവരും മൊബൈൽ ഫോണുകൾ സ്വന്തം വീടുകളിൽ വച്ച് ഒളിവിൽ പോയത് അന്വേഷണത്തെ ബാധിക്കുന്നുണ്ട്. കേസിൽ പടക്കത്തിന് തിരികൊളുത്തിയ രാജേഷും, ഇയാളെ സഹായിച്ച ഒമ്പതാംപ്രതി കെ വി വിജയനും ആണ് റിമാൻഡിൽ കഴിയുന്നത്. ഒളിവിൽ പോയ പ്രധാന പ്രതികൾ ഉൾപ്പെടെ ഏഴു പേരെയാണ് ഇനി പിടികൂടാൻ ഉള്ളത്. പ്രതികൾക്കെതിരെ കൊലപാതകക്കുറ്റം കൂടി ചുമത്താനൊരുങ്ങുകയാണ് അന്വേഷണ സംഘം.