കാസർകോട് ചെർക്കളയിൽ പഞ്ചായത്തംഗവും കുടുംബശ്രീ പ്രവർത്തകരും ഒരേ മനസോടെ മുന്നിട്ടിറങ്ങിയപ്പോൾ നിർധനരായ കുടുംബത്തിന് വീടൊരുങ്ങി. ചെങ്കള പഞ്ചായത്തിലെ പതിനാറാം വാർഡ് അംഗം പി.ശിവപ്രസാദാണ് പഞ്ചായത്ത് അംഗമെന്ന നിലയിൽ കിട്ടിയ ഓണറേറിയവും കുടുംബശ്രീ പ്രവർത്തകരുടെ സഹായവും കൊണ്ട് ബേവിഞ്ച സ്വദേശി ശർമിളയ്ക്കും കുടുംബത്തിനും വീടൊരുക്കിയത്.
ഭർത്താവിന്‍റെ മരണശേഷം രണ്ട് മക്കളെയും ഒരു കരയ്ക്കെത്തിക്കാൻ പാടുപെടുന്നതിനിടെയാണ് ശർമിളയുടെ ആകെയുണ്ടായിരുന്ന ഓടിട്ട വീട് നിലം പൊത്തിയത്. ലൈഫ് മിഷനിലും, പ്രധാനമന്ത്രി ആവാസ് യോജനയിലും വീട് വൈകുമെന്നായതോടെ കുടുംബത്തിന് വീടൊരുക്കാൻ പഞ്ചായത്ത് അംഗം ശിവപ്രസാദ് തന്നെ നേരിട്ടിറങ്ങി. ശിവപ്രസാദിന്റെ പേരിലുണ്ടായിരുന്ന മൂന്ന് ചിട്ടികളും വിളിച്ചെടുത്തു. ഒപ്പം വാർഡിലെ കുടുംബശ്രീ പ്രവർത്തകരും ഒപ്പം കൂടി. നാട്ടുകാരുടെ സഹായം കൂടി വന്നതോടെ 6 മാസം കൊണ്ട് വീടുപണി പൂർത്തിയാക്കി.
എട്ടായിരം രൂപയാണ് ഒരു പഞ്ചായത്ത് മെമ്പറുടെ ഒരു മാസത്തെ ഓണറേറിയം. 2020 മുതൽ ഇതുവരെ ശിവപ്രസാദിന് ലഭിച്ച മുഴുവൻ തുകയും വീട് നിർമാണത്തിനായി കൈമാറി. രണ്ട് കിടപ്പ് മുറിയും, ഹാളും അടുക്കളയും ഉൾപ്പെടെ 700 ചതുരശ്ര അടിയിലുള്ള വീടിനായി ഏഴര ലക്ഷത്തോളം രൂപയാണ് ഇത് വരെ ചെലവായത്. നല്ലൊരു മുഹൂർത്തം നോക്കി വീട് ശർമിളയ്ക്ക് കൈമാറാനുള്ള ഒരുക്കത്തിലാണിവർ.