കണ്ണൂർ തളിപ്പറമ്പിൽ ഉണ്ടായ വൻ അഗ്നിബാധയുടെ ഇരകളായ വ്യാപാരികൾക്ക് ഒരു വർഷമായിട്ടും നഷ്ടപരിഹാരം കിട്ടിയില്ല എന്ന് പരാതി. നഷ്ടപരിഹാരം നൽകുമെന്ന ജനപ്രതിനിധികളുടെ ഉറപ്പാണ് പാഴായത്. 20 കോടിയുടെ നഷ്ടമാണ് തീപിടുത്തമുണ്ടായ കെ.വി കോംപ്ലക്സിലെ വിവിധ വ്യാപാരികൾക്ക് സഹിക്കേണ്ടിവന്നത്.
തളിപ്പറമ്പ് ടൗണിനെയാകെ മണിക്കൂറുകളോളം മുൾമുനയിൽ നിർത്തിയ വൻ അഗ്‌നിബാധ. ഒരു കൂട്ടം വ്യാപാരികളുടെയും തൊഴിലാളികളുടെയും അധ്വാനവും പ്രതീക്ഷകളും കരിഞ്ഞ് നശിച്ച വൈകുന്നേരം. 37 സംരംഭകരുടെ നൂറിലധികം കടമുറികളായിരുന്നു അന്ന് അഗ്‌നി വിഴുങ്ങിയത്. ആ നടുക്കുന്ന ഓർമകൾക്ക് ഒരു വയസായി. കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഷാലിമാർ സ്‌റ്റോറിന് മാത്രം രണ്ടര കോടി നഷ്ടമെന്ന് വ്യാപാരികൾ. എല്ലാ കടകളുടെയും ചേർത്ത് 20 കോടി നഷ്ടം. നഷ്ടപരിഹാരം പ്രതീക്ഷിച്ച് ഒരു വർഷം തള്ളിനീക്കി. കഴിഞ്ഞ സർക്കാരിൽ നിന്നോ പുതിയ സർക്കാരിൽ നിന്നോ ഒരു സഹായവും ലഭിച്ചില്ല. പ്രഖ്യാപിച്ച സഹായം ഇന്നും കടലാസിൽ തന്നെയെന്ന് വ്യാപാരികൾ.
വീണിടത്ത് നിന്ന് പതുക്കെ കെ.വി കോംപ്ലക്സ് എഴുന്നേറ്റ് വരികയാണ്. പകുതി വ്യാപാരികൾ മാത്രമാണ് കടകൾ നന്നാക്കി വീണ്ടും തുറന്ന് പ്രവർത്തിക്കുന്നത്. മൂന്ന് സ്ഥാപനങ്ങൾ കച്ചവടം തന്നെ നിർത്തിപ്പോയി. ദിവസങ്ങൾക്ക് മുമ്പ് കണ്ണൂരിൽ എത്തിയ മുഖ്യമന്ത്രി വി.ഡി സതീശനെ നേരിൽ കണ്ട് നിവേദനം നൽകിയിരുന്നു വ്യാപാരികൾ. അർഹമായ സഹായം ലഭിക്കുമെന്ന പ്രതീക്ഷയാണ് ബാക്കി.