കർണാടക വനാതിർത്തിയിലെ വൈദ്യുതവേലി തകർന്നതോടെ കണ്ണൂര്‍ രാജഗിരി ഉന്നതിയില്‍ കാട്ടാന ഭീതി രൂക്ഷം. ആനകളെ ഭയന്ന് ഉന്നതിവാസികള്‍ പലരും താമസം മാറ്റി. വേലി പുനര്‍നിര്‍മിച്ച് കൃഷിയും ജീവനും സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണ് മലയോര ജനത.
ഓഗസ്റ്റ് ഒന്നിനുണ്ടായ ഉരുള്‍പൊട്ടലിനൊപ്പം രാജഗിരി ഉന്നതിയോട് ചേര്‍ന്ന കര്‍ണാടക വനത്തിലും മണ്ണിടിച്ചിലുണ്ടായിരുന്നു. ഇതോടെയാണ് വനാതിര്‍ത്തിയിലെ വൈദ്യുതിവേലിയുടെ 250 മീറ്റര്‍ തകര്‍ന്നത്. 650 മീറ്റർ വേലിയിൽ 100 മീറ്റർ ഭാഗം നാട്ടുകാർ സ്വന്തംനിയലില്‍ പുനഃസ്ഥാപിച്ചെങ്കിലും ബാക്കി ഭാഗം ഒന്നും ചെയ്യാനായിട്ടില്ല. ഇതുവഴിയാണ് കര്‍ണാടക വനത്തില്‍ നിന്ന് കാട്ടാനകളെത്തുന്നത്.
പകല്‍ പോലും ആനകളെത്താന്‍ തുടങ്ങിയതോടെ സ്വൈര്യ ജീവിതം നശിച്ചു. 15 കുടുംബങ്ങളുണ്ടായിരുന്ന രാജഗിരി ഉന്നതിയില്‍ ഇന്ന് താമസമുള്ളത് ഒരു കുടുംബം മാത്രമാണ്. വൈദ്യുതിവേലി നിർമാണത്തിന് പഞ്ചായത്തിന്‍റെ സഹായം ലഭിച്ചിരുന്നെങ്കിലും വലിയൊരു തുക പ്രദേശവാസികൾ തന്നെയാണ് ചെലവഴിച്ചത്. വൈദ്യുതിവേലി പുനർനിർമിച്ച് കാട്ടാനകളെ തടയാൻ അടിയന്തര നടപടി വേണമെന്നാണ് രാജഗിരി ഉന്നതിക്കാരുടെ ആവശ്യം.