ആറളം ഫാമിൽ മനുഷ്യജീവൻ അപഹരിച്ച മോഴയാനയെ മയക്കുവെടിവെച്ച് പിടികൂടുന്നതിനുള്ള നടപടി വൈകുമെന്ന് വനംവകുപ്പ്. നിലവിൽ 'കെ.എം. വൺ' എന്നറിയപ്പെടുന്ന ആന ഉൾക്കാട്ടിലേയ്ക്ക് നീങ്ങിയിരിക്കുകയാണെന്നും കുങ്കിയാനകളടക്കമുള്ള സന്നാഹങ്ങൾ ആറളത്ത് എത്താൻ ദിവസങ്ങൾ വേണ്ടിവരുമെന്നും കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കെ. സജി അറിയിച്ചു.
വനംവകുപ്പിന്റെ രേഖകളിൽ കെ.എം. വൺ എന്ന പേരിലാണ് ആന അറിയപ്പെടുന്നത്. ആറളം ഫാമിലെ നിരവധി വീടുകൾക്കും വനംവകുപ്പ് വാഹനത്തിനുമെതിരെ ആക്രമണം നടത്തിയതും ഫെബ്രുവരിയിൽ അനീഷ് എന്നയാളെ ചവിട്ടിക്കൊന്നതും ഇതേ ആനയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.
ചീഫ് വൈൽഡ് ലൈഫ് വാർഡൻ ആനയെ പിടികൂടാൻ ഉത്തരവിട്ടതിന് പിന്നാലെ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് പ്രത്യേക ദൗത്യസംഘത്തെ നിയോഗിച്ചത്. എന്നാൽ ആറളത്തെ വനഭൂപ്രകൃതിയും പിടികൂടുന്ന ആനയെ പാർപ്പിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കേണ്ടതുമാണ് ദൗത്യത്തിന് വെല്ലുവിളിയാകുന്നത്.
മയക്കുവെടി വെക്കുന്നതിനും തുടർനടപടികൾ ഏകോപിപ്പിക്കുന്നതിനുമായി വിദഗ്ധരടങ്ങിയ ഫീൽഡ് ഓപ്പറേറ്റിംഗ് സംഘത്തെയും റാപ്പിഡ് റെസ്‌പോൺസ് ടീമിനെയും നിയോഗിച്ചിട്ടുണ്ട്. ആനയുടെ സഞ്ചാരപാത, ആരോഗ്യനില, സ്വഭാവരീതികൾ എന്നിവ ഇന്നുമുതൽ സൂക്ഷ്മമായി നിരീക്ഷിക്കുമെന്ന് വനംവകുപ്പ് അറിയിച്ചു.
കാടുകയറിയ ആന വീണ്ടും ജനവാസമേഖലയിലേയ്ക്ക് തിരിച്ചെത്താൻ സാധ്യതയുണ്ടെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തൽ. മോഴയാനയെ പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച ശേഷം ഉൾക്കാട്ടിൽ വിടാനാണ് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ നിർദേശം.