കണ്ണൂർ ശ്രീകണ്ഠാപുരം കാക്കണ്ണൻപാറയിൽ നാട്ടുകാർക്ക് ആശങ്ക ഉയർത്തിയ ചെങ്കൽ ഖനനം താൽക്കാലികമായി നിർത്തി. ഖനനത്തിനെതിരെ നാട്ടുകാരുടെ നിരാഹാര സമരം മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെ സജീവ് ജോസഫ് എംഎൽഎ നടത്തിയ ഇടപെടലിലാണ് ഖനനം നിർത്തിയത്. ഇതോടെ നാട്ടുകാർ നിരാഹാര സമരവും അവസാനിപ്പിച്ചു.
കാക്കണ്ണൻപാറയിലെ സർക്കാർ പതിച്ചു നൽകിയ ഭൂമി ഉടമകളിൽ നിന്ന് വിലക്ക് വാങ്ങി ചെങ്കൽ ഖനനം നടത്തുന്നത് പ്രദേശത്തെ രണ്ട് ഉന്നതികളിലെ താമസക്കാരുടെ ജീവിതം ദുരിതത്തിൽ ആക്കുമെന്നാണ് ആശങ്ക. ഇതിനെതിരെ ഉന്നതിവാസികൾ നടത്തുന്ന നിരാഹാര സമരം നാലാം ദിവസത്തിലെത്തിയപ്പോഴാണ് എംഎൽഎയുടെ ഇടപെടൽ. ആർഡിഒയും തഹസിൽദാരും സമരക്കാരെ കാണാൻ നേരിട്ട് എത്തി. നാട്ടുകാരുടെ ആശങ്കകൾ അവഗണിച്ച് ഖനനം മുന്നോട്ടു കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് സജീവ് ജോസഫ് എംഎൽഎ പറഞ്ഞു.
നാട്ടുകാരുടെ പരാതി ചർച്ച ചെയ്തു തീരുമാനമാകുന്നതു വരെയാണ് ഖനനം നിർത്തിയത്. കലക്ടറുമായുള്ള ചർച്ചയിലാണ് പ്രതീക്ഷ. ഖനനം പുനരാരംഭിച്ചാൽ ശക്തമായ സമരം കാണേണ്ടി വരുമെന്നാണ് സമരസമിതിയുടെ മുന്നറിയിപ്പ്. പ്രദേശത്തെ ഉന്നതികളിലേക്കുള്ള കുടിവെള്ളം മുടക്കുന്നതും സമുദായ ശ്മശാനത്തിലേക്കുള്ള വഴിമുടക്കുന്നതുമാണ് ചെങ്കൽ ഖനനം എന്നാണ് സമരക്കാരുടെ പരാതി.