elephant-tree

TOPICS COVERED

കണ്ണൂർ ആറളം ഫാമിൽ കള്ളു ചെത്തുന്നതിനിടെ തെങ്ങിൻചുവട്ടിൽ കാട്ടാന.വിളക്കോട് സ്വദേശി സിനേഷ് തെങ്ങിൽ കയറിയപ്പോഴാണ് സംഭവം. തെങ്ങിന് അടുത്ത് വരെ എത്തിയ കാട്ടാന തിരിച്ചുപോയതിനാല്‍ സിനേഷിന് ഇത് രണ്ടാം ജന്‍മം. തെങ്ങിന് മുകളില്‍ അള്ളിപ്പിടിച്ചിരുന്ന് സിനേഷ് ഫോണില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ ഇതിനോടകം വൈറലാണ്. 

ആറളം ഫാം ബ്ലോക്ക് അഞ്ചില്‍ തെങ്ങുചെത്ത് തൊഴിലാളിയാണ് സിനേഷ്. പതിവുപോലെ തെങ്ങ് ചെത്താനായി തെങ്ങില്‍ കയറിപ്പോള്‍ താഴെ നിന്ന് ശബ്ദം കേള്‍ക്കുന്നത്. നോക്കിയപ്പോള്‍ ഒരു പിടിയാന. ആന തെങ്ങ് തള്ളിയാല്‍ തെങ്ങ് കുലുങ്ങിയോ മറി‍ഞ്ഞോ താഴെ വീഴും. ഭയമടക്കിപ്പിടിച്ച് സിനേഷ് തെങ്ങിലിരുന്നു. 

ഏറെനേരം കഴിഞ്ഞും കാട്ടാന പോകാതെയായതോടെ തൊട്ടടുത്ത തെങ്ങിലേക്ക് കെട്ടിയ കയര്‍ വഴി സിനേഷ് അടുത്ത തെങ്ങിലേക്ക് മാറി. തുടര്‍ന്ന് സുരക്ഷിതനാണെന്ന് ഉറപ്പുവരുത്തിയ ശേഷം ഫോണെടുത്ത് റെക്കോഡിങ്ങ് തുടങ്ങി. ഏറെനേരം തെങ്ങിനെ ചുറ്റിപ്പറ്റി നിന്ന കാട്ടന പിന്നീട് ആറളം ഫാമിന്റെ മറ്റൊരു വശത്തേക്ക് പോയതോടെയാണ് സിനേഷിന് തെങ്ങില്‍ നിന്നിറങ്ങാന്‍ സാധിച്ചത്. 

കാട്ടാന ആക്രമണത്തിന് കുപ്രസിദ്ധിയാര്‍ജിച്ച ആറളം ഫാമില്‍ പേടിയോടെയല്ലാതെ ജീവിക്കാനാവില്ലെന്ന അവസ്ഥയിലാണ് ജനം. പത്തു വര്‍ഷത്തിനിടെ ആറോളം പേരാണ് കാട്ടാനയാക്രമണത്തില്‍ പ്രദേശത്ത് കൊല്ലപ്പെട്ടിരിക്കുന്നത്. ആറളം വന്യജീവി സങ്കേതത്തിൽ നിന്ന് കാട്ടാനകൾ ഇറങ്ങുന്നത് പതിവാണ്. ആറളം ഫാമുമായി അതിർത്തി പങ്കിടുന്ന സ്ഥലത്താണ് തൂക്ക് വൈദ്യുതി വേലി കെട്ടിക്കൊണ്ടിരിക്കുകയാണ്. സ്ഥിരമായി കൃഷി നശിപ്പിക്കുകയും ജനങ്ങളുടെ ജീവന് ഭീഷണി ആവുകയും ചെയ്തതോടെയാണ് നാട്ടുകാരുമായി കൈകോർത്തുള്ള വനം വകുപ്പിന്റെ പ്രതിരോധ നടപടികൾ. 5 കിലോമീറ്റർ നീളത്തിലാണ് തൂക്കു വൈദ്യുതി വേലി കെട്ടുന്നത്.

ENGLISH SUMMARY:

A dramatic incident unfolded in Kannur's Aralam Farm when a wild elephant appeared near a coconut tree while a toddy tapper was on it. The tapper, Sinish, was safely rescued after the elephant eventually moved away, capturing viral photos during the tense encounter.