കൊടുചൂടില്‍ വേനല്‍മഴ കുളിരായപ്പോള്‍ മഴക്കെടുതിയില്‍ ഒരു കര്‍ഷകന് നഷ്ടമായത് പ്രതീക്ഷകളാണ്. കണ്ണൂര്‍ ചെറുപുഴയില്‍ ഒരു മാസത്തിനകം വിളവെടുക്കാനിരുന്ന വാഴ കൃഷിയാണ് കര്‍ഷകനായ ജോസഫ് തോമസിന് നഷ്ടമായത്.
450 കുലച്ചു പാകമായി വരുന്ന വാഴകള്‍. പ്രതീക്ഷയുടെ വിളവെടുപ്പ് ദിനമെത്തും മുമ്പേ കനത്ത കാറ്റും മഴയുമെത്തി. വാഴക്കുല വിറ്റു കിട്ടുന്ന പണം കൊണ്ട് കടങ്ങള്‍ തീര്‍ക്കാനിരുന്ന ജോസഫ് തോമസിന് മഴ കനത്ത പ്രഹരമാണ് നല്‍കിയത്. ഒന്നരയേക്കര്‍ ഭൂമിയിലെ കൃഷി പാടെ നശിച്ചു. മാസങ്ങള്‍ നീണ്ട കരുതലും പരിശ്രമവുമാണ് ഒറ്റ നിമിഷം കൊണ്ട് നിലംപരിശായത്.
രണ്ടര ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചുവെന്നാണ് ജോസഫ് തോമസിന്‍റെ കണക്കുകൂട്ടല്‍. ഒടിഞ്ഞുവീണ വാഴകള്‍ക്ക് മുമ്പില്‍ ആരോട് സഹായം ചോദിക്കുമെന്നുപോലുമറിയാതെ നിസ്സഹായനായി നില്‍ക്കുകയാണ് കര്‍ഷകന്‍.