ഫയല്‍ ചിത്രം

കണ്ണൂർ തളിപ്പറമ്പ് പട്ടുവത്ത് വീട്ടിൽ വെച്ച് സ്ത്രീ പാമ്പ് കടിയേറ്റു മരിച്ചു. മുതുകുടയിലെ നബീസ(65)ണ് മരിച്ചത് . കഴിഞ്ഞ വെള്ളിയാഴ്ചയാണ് പാമ്പുകടിയേറ്റ നിലയിൽ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  വെന്റിലേറ്ററിൽ  ചികിത്സയിലായിരുന്നെങ്കിലും ഇന്ന് രാവിലെ മരിച്ചു. 

വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്താണ് നബീസയ്ക്ക് പാമ്പുകടിയേറ്റത്. വീട്ടിലെത്തിയ മരുമകനാണ് ഇവർ വീടിനുള്ളിൽ അവശനിലയിൽ തളർന്നു കിടക്കുന്നത് ആദ്യം കണ്ടത്. ഉടൻ തന്നെ ഇവരെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ എത്തിക്കുകയും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുമ്പോൾ തന്നെ സംസാരിക്കാനോ കണ്ണുകൾ തുറക്കാനോ കഴിയാത്ത വിധം ഇവർ അതീവ ഗുരുതരാവസ്ഥയിലായിരുന്നു എന്ന് ഡോക്ടർമാർ വ്യക്തമാക്കി. 

തുടർന്ന് ഇവരെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഇന്ന് പുലർച്ചെയോടെയാണ് മരണം സംഭവിച്ചത്. വീടിനുള്ളിൽ വച്ചാണ് കടിയേറ്റത് എന്നതിനാലും പ്രഥമദൃഷ്ട്യാ പാമ്പുകടിച്ചതാണെന്ന് പെട്ടെന്ന് മനസ്സിലാക്കാൻ കഴിയാത്തതിനാലും ശംഖുവരയൻ പാമ്പാകാം കടിച്ചതെന്നാണ് ഡോക്ടർമാരും പോലീസും പ്രധാനമായും സംശയിക്കുന്നത്. 

അതേസമയം, കൊല്ലത്ത് ഒരാൾക്ക് പാമ്പ് കടിയേറ്റു. രാമൻകുളങ്ങര സ്വദേശി സുദേവനാണ് രാവിലെ പാമ്പുകടിയേറ്റത്. പരിസരം വൃത്തിയാക്കുന്ന ജോലിക്കിടെയാണ് കാലിൽ പാമ്പ് കടിച്ചത്. അധികം വിഷമില്ലാത്ത ചുരുട്ടയിനത്തിൽപ്പെട്ട പാമ്പാണ് കടിച്ചത്. കൂടെയുണ്ടായിരുന്നവർ ഉടൻതന്നെ ജില്ല ആശുപത്രിയിൽ എത്തിച്ചു. ആരോഗ്യനില തൃപ്തികരം എന്ന് ഡോക്ടർമാർ.  24 മണിക്കൂർ നിരീക്ഷണത്തിൽ തുടരും.

ENGLISH SUMMARY:

A tragic incident has been reported from Taliparamba in Kannur, where a 65-year-old woman died after a suspected snake bite inside her home. The victim, identified as Nabeesa, was initially rushed to a local hospital and later shifted to Pariyaram Medical College in critical condition. Doctors confirmed that she was unresponsive upon arrival and required ventilator support during treatment. Despite intensive care, her life could not be saved, and she passed away early in the morning. Authorities suspect that a common krait may have been responsible for the bite, though confirmation is awaited. The incident raises concerns about hidden snake threats inside homes and the importance of early detection and timely medical intervention.