വിമത സ്ഥാനാർഥികൾ നാമനിർദ്ദേശപത്രിക പിൻവലിക്കാതായതോടെ കണ്ണൂർ കോർപ്പറേഷനിൽ യുഡിഎഫ് ആശങ്കയിൽ. വിമതർ കൂടുതൽ വോട്ട് പിടിച്ചാൽ നില പരുങ്ങലിലാകും എന്നതാണ് കോൺഗ്രസിനെയും ലീഗിനെയും വെട്ടിലാക്കുന്നത്.
സംസ്ഥാനത്ത് യുഡിഎഫ് ഭരിക്കുന്ന ഏക കോർപ്പറേഷൻ ആണ് കണ്ണൂരിലേത്. തിരിച്ചുപിടിക്കാൻ എൽഡിഎഫ് കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. അതിനിടയിലാണ് മൂന്ന് ഡിവിഷനുകളിൽ വിമതർ യുഡിഎഫിന് തലവേദനയാകുന്നത്. സമവായത്തിലൂടെ പരിഹരിക്കാൻ ശ്രമം നടന്നെങ്കിലും ഒന്നും വിജയിച്ചില്ല. പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായ ഇന്നലെ ലീഗ് വിമതരെങ്കിലും പിൻവലിക്കും എന്നായിരുന്നു പ്രതീക്ഷ. കോൺഗ്രസിൽ നിന്ന് കലഹിച്ചു വാങ്ങിയ വാരം ഡിവിഷനിലാണ് ലീഗിന് പ്രധാന പ്രതിസന്ധി. ലീഗ് ജില്ലാ നേതാവായ കെപി താഹിർ വാരം ഡിവിഷനിലെ നേതാവല്ല എന്നും പ്രാദേശിക നേതാക്കളെ നേതൃത്വം അവഗണിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് പ്രാദേശിക നേതാവായ റയീസ് അസ്അദി സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്.
കെപിസിസി അംഗമായ റിജിൽ മാക്കുറ്റിയാണ് വിമത ഭീഷണി നേരിടുന്ന രണ്ടാമത്തെ സ്ഥാനാർഥി. ആദികടലായി ഡിവിഷനിൽ മുസ്ലിം വോട്ടുകൾ റിജിലിനെ തുണയ്ക്കും എന്നായിരുന്നു പ്രതീക്ഷ. എന്നാൽ ലീഗ് നേതാവ് പി മുഹമ്മദലി വിമതനായതോടെ പ്രതീക്ഷയ്ക്ക് മങ്ങലേറ്റു. നിലവിലെ ഡെപ്യൂട്ടി മേയറും ഭരണം ലഭിച്ചാൽ മേയറാക്കാൻ യുഡിഎഫ് മനക്കോട്ട കെട്ടുകയും ചെയ്ത പി ഇന്ദിരയും വിമത ഭീതിയിലാണ്. പയ്യാമ്പലം ഡിവിഷനിലെ മഹിളാ കോൺഗ്രസ് നേതാവ് കെ എൻ ബിന്ദുവാണ് എതിരാളി. പയ്യാമ്പലത്തേക്ക് തന്നെയാണ് ആദ്യം പരിഗണിച്ചതെന്നും കെ സുധാകരനും ഡിസിസി പ്രസിഡണ്ടും തന്നെ സ്ഥാനാർഥിയാക്കാമെന്ന് ഉറപ്പുനൽകിയിരുന്നു എന്നുമാണ് ബിന്ദുവിന്റെ വാദം. എന്നാൽ അവസാന സമയം ഇന്ദിരയെ സ്ഥാനാർഥിയാക്കിയതാണ് ബിന്ദുവിനെ വിമതയാക്കിയത്.