കണ്ണൂർ കോർപറേഷന്‍റെ മലിനജല സംസ്കരണ പ്ലാന്‍റിന്‍റെ നിർമാണത്തിന് കരാർ നൽകിയതിൽ അഴിമതിയുണ്ടെന്ന് സിപിഎം. നടപടിക്രമങ്ങൾ അട്ടിമറിച്ച് ഒരു കമ്പനിക്ക് ടെന്‍ഡര്‍ നൽകാൻ ശ്രമിച്ചുവെന്നാണ് രേഖകൾ വച്ച് സിപിഎം വാദിക്കുന്നത്. ആരോപണം നിഷേധിക്കുകയാണ് കോർപറേഷൻ അധികൃതർ

തദ്ദേശ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ യുഡിഎഫ് ഭരിക്കുന്ന കണ്ണൂർ കോർപറേഷൻ ഭരണത്തിനെതിരെ സിപിഎം പ്രചാരണം തുടങ്ങിയിട്ട് ദിവസങ്ങളായി . ഇതിനിടെയാണ് മലിനജല സംസ്കരണ പ്ലാന്റ് നിർമാണത്തിലെ ടെന്‍ഡറില്‍ അഴിമതിയുണ്ടെന്ന ആരോപണം. 40 കോടിയുടെ ടെന്‍ഡര്‍  ഭരണസമിതി 140 കോടിയാക്കി മാറ്റി. കോയ ആൻഡ് കമ്പനി കൺസ്ട്രക്ഷൻസ് എന്ന സ്ഥാപനത്തിന് കരാർ നൽകിയതിന് പിന്നിൽ വഴിവിട്ട നീക്കമുണ്ട്. കരാറുകാരിൽ നിന്ന് മേയർ കോടികൾ  കൈക്കൂലി വാങ്ങിയെന്നുമാണ് സിപിഎം ജില്ലാ സെക്രട്ടറിയുടെ ആരോപണം.

ആരോപണങ്ങൾക്ക് രേഖകൾ തെളിവാണ് എന്നാണ് സിപിഎം ജില്ലാ സെക്രട്ടറിയുടെ വാദം. വിജിലൻസ് അന്വേഷണം ഉണ്ടാകുമെന്നും സിപിഎം അവകാശപ്പെടുന്നു. എന്നാൽ ആരോപണം പൂർണമായും തള്ളുകയാണ് മേയർ മുസ്ലിഹ് മഠത്തിൽ. ഇടതുപക്ഷവുമായി ബന്ധമുള്ള കമ്പനികൾക്ക് കൊള്ളയടിക്കാൻ അവസരം നൽകാത്തതിനാലാണ് തനിക്കെതിരെ ആരോപണമുന്നയിക്കുന്നത് എന്നാണ്  മറുപടി. കരാറിൽ ഇതുവരെ ഒപ്പു വച്ചിട്ടില്ലെന്നും മേയർ വിശദീകരിക്കുന്നു. 

ENGLISH SUMMARY:

Corruption allegations surround the Kannur Corporation wastewater treatment plant project. CPM alleges irregularities in awarding the tender, while the corporation denies the accusations.