കണ്ണൂർ പാനൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ മരിച്ച പ്രവർത്തകനെ രക്തസാക്ഷിയാക്കി ഡിവൈഎഫ്ഐ പ്രമേയം. കുന്നോത്ത് പറമ്പ് മേഖലാ സമ്മേളനത്തിലാണ് രക്തസാക്ഷി പ്രമേയത്തിൽ സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഷെറിനെ അനുസ്മരിച്ചത്. മുമ്പ് സിപിഎമ്മും ഡിവൈഎഫ്ഐയും തള്ളിപ്പറഞ്ഞ പ്രവർത്തകനാണ് ഒടുവിൽ രക്തസാക്ഷി പരിവേഷം നൽകിയത്
2024 ഏപ്രിൽ 5നാണ് പാനൂർ മുളിയാത്തോട് വീടിൻറെ ടെറസിൽ ബോംബ് നിർമ്മിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് ഡിവൈഎഫ്ഐ പ്രവർത്തകനായ കാട്ടിന്റവിട ഷെറിൻ മരിച്ചത്. ഇവർക്ക് പാർട്ടിയുമായി ഒരു ബന്ധവുമില്ല എന്നും പാർട്ടി പ്രവർത്തകരെ ആക്രമിച്ച കേസിൽ പ്രതികളാണ് എന്നുമായിരുന്നു സിപിഎം നിലപാട്. കൊല്ലപ്പെട്ട ഷെറിൻ ഉൾപ്പെടെ 15 ഡിവൈഎഫ്ഐ പ്രവർത്തകരായിരുന്നു പ്രതികൾ. പരസ്യമായി തള്ളിപ്പറഞ്ഞ നിലപാട് തുടരുന്നതിനിടെയാണ് രക്തസാക്ഷി പ്രമേയത്തിലൂടെ ബോംബ് നിർമാതാക്കൾക്ക് രക്തസാക്ഷി പരിവേഷം ഡിവൈഎഫ്ഐ നൽകുന്നത്. രക്തസാക്ഷി പ്രമേയത്തിൽ എങ്ങനെ ഷെറിൻ ഉൾപ്പെട്ടു എന്നത് പരിശോധിക്കുമെന്നാണ് ഡിവൈഎഫ്ഐ നേതാക്കളുടെ മറുപടി .. ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ട സിപിഎമ്മുകാരെ രക്തസാക്ഷികളാക്കുന്നത് സിപിഎമ്മിൽ പുതിയ സംഭവമല്ല. 2015 ൽ പാനൂർ ചെറ്റക്കണ്ടിയിൽ ബോംബ് നിർമ്മിക്കുന്നതിലൂടെ സ്ഫോടനം ഉണ്ടായി കൊല്ലപ്പെട്ട ഷൈജുവിനും സുബീഷിനും കഴിഞ്ഞവർഷമാണ് സിപിഎം രക്തസാക്ഷി മണ്ഡപം ഒരുക്കിയത്.