കണ്ണൂരിൽ ഇടക്കിടെ തീപ്പിടുത്തമുണ്ടാവുന്ന ധർമ്മശാല ആന്തൂരിൽ ഫയർ സ്റ്റേഷൻ വേണമെന്ന ആവശ്യം ശക്തമാകുന്നു. നിരവധി വാണിജ്യ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന ഇവിടെ തീപിടുത്തം ഉണ്ടായാൽ തളിപ്പറമ്പിൽ നിന്ന് വേണം അഗ്നിരക്ഷ ഉദ്യോഗസ്ഥർ എത്താൻ. ഫയർസ്റ്റേഷൻ സ്ഥാപിക്കാൻ അടിയന്തര നടപടി ഉണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
നിരവധി വാണിജ്യ സ്ഥാപനങ്ങൾ തിങ്ങിനിറഞ്ഞതാണ് ആന്തൂർ നഗരസഭ. പ്ലൈവുഡ് കമ്പനികളിലുൾപ്പെടെ മുൻ വർഷങ്ങളിൽ വലിയ തീപ്പിടുത്തമുണ്ടായി ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ചു. ഓരോ അപകടങ്ങൾ ഉണ്ടാകുമ്പോഴും തളിപ്പറമ്പിൽ നിന്ന് ഫയർഫോഴ്സ് എത്തി വേണം തീയണയ്ക്കാൻ. അതിന് സമയമെടുക്കുന്നതോടെ തീയുടെ ആഘാതം കനക്കും, ഒപ്പം നാശനഷ്ടവും.
ആന്തൂരിൽ ഫയർസ്റ്റേഷൻ വേണമെന്നാവശ്യപ്പെട്ട് നഗരസഭ പ്രമേയം പാസാക്കി സർക്കാരിൽ സമർപ്പിച്ചിരുന്നു. എന്നാൽ അനുകൂല തീരുമാനം മാത്രം ഉണ്ടായില്ല. വരുന്നത് വേനൽക്കാലമാണ്. തീപ്പിടിത്തത്തിനുള്ള സാധ്യത ഉയരും. ഫയർസ്റ്റേഷൻ അനുവധിക്കാൻ സർക്കാർ തയ്യറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.