കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ക്കും മുന്‍ മേയര്‍ക്കും തദ്ദേശ തിരഞ്ഞെടുപ്പില്‍ സീറ്റ് അനിശ്ചിതത്വത്തില്‍. മേയര്‍ മുസ്‌ലിഹ് മഠത്തിലും മുന്‍ മേയര്‍ ടി.ഒ മോഹനനും മല്‍സരിച്ച വാര്‍ഡുകള്‍ ഇത്തവണ വനിതാ സംവരണ സീറ്റുകളായതാണ് തിരിച്ചടിയായത്. എന്നാല്‍ നേതാക്കള്‍ മറ്റേതെങ്കിലും ജനറല്‍ സീറ്റുകളില്‍ മല്‍സരിക്കാനുള്ള സാധ്യതയുമുണ്ട്.
യുഡിഎഫിന്‍റെ ഉറച്ച കോട്ടയാണ് കണ്ണൂര്‍ കോര്‍പ്പറേഷന്‍. ജില്ലാ പഞ്ചായത്തും ഭൂരിഭാഗം പഞ്ചായത്തുകളും സിപിഎം ഭരിക്കുമ്പോള്‍ യുഡിഎഫ് കരുത്തുകാട്ടുന്നത് കോര്‍പ്പറേഷനിലാണ്. കോണ്‍ഗ്രസും മുസ്ലിം ലീഗും മേയര്‍ സ്ഥാനം പങ്കിട്ടെടുത്താണ് അഞ്ചു വര്‍ഷം ഭരണം പൂര്‍ത്തിയാക്കുന്നത്. ആദ്യത്തെ മൂന്ന് വര്‍ഷം ടി.ഒ മോഹനന്‍ മേയറായി. നിലവില്‍ ലീഗ് അംഗം മുസ്ലിഹ് മഠത്തിലും. 32ആം വാര്‍ഡായ ചാലയില്‍ നിന്ന് വിജയിച്ചെത്തിയ ടി.ഒ മോഹനനും, 43ാം വാര്‍ഡായ നീര്‍ച്ചാലില്‍ നിന്നെത്തിയ മുസ്ലിഹ് മഠത്തിലിനും ഈ തദ്ദേശ തിരഞ്ഞെടുപ്പില്‍ സീറ്റുണ്ടാകുമോ എന്നാണ് ഉറ്റുനോക്കപ്പെടുന്നത്. മുന്‍ മേയര്‍ ടി.ഒ മോഹനന്‍ പറയുന്നത് തനിക്ക് മല്‍സരിക്കണമെന്നില്ല, പുതിയ ആള്‍ക്കാര്‍ വരട്ടെയെന്നാണ്. എന്നാല്‍, ഈ പറച്ചില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് ലക്ഷ്യമിട്ടാണോ എന്നതാണ് സംശയകരം. പാര്‍ട്ടി തീരുമാനമാണ് പ്രധാനമെന്നാണ് ഇതിനുള്ള മോഹനന്‍റെ മറുപടി.
എന്നാല്‍, സീറ്റിന്‍റെ കാര്യത്തില്‍ മേയര്‍ മുസ്ലിഹ് മഠത്തില്‍ പ്രതികരണങ്ങള്‍ക്കില്ല. ജനറല്‍ സീറ്റില്‍ മല്‍സരിപ്പിക്കാനാണ് സാധ്യത. ലീഗ് പ്രാദേശിക ഘടകങ്ങളുടെ നിലപാട് ഇതില്‍ നിര്‍ണായകമാകും.