മാഹി ബൈപ്പാസിനരികെ ഒരു കിലോമീറ്റര്‍ ദൂരത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത് 14 ഇന്ധന പമ്പുകള്‍. ആറെണ്ണം ഇതിനകം പ്രവര്‍ത്തനം തുടങ്ങി. വരുമാനം വര്‍ധിപ്പിക്കാനാണ് പുതുച്ചേരി ഭരണകൂടം കൂടുതല്‍ പമ്പുകള്‍ക്ക് അനുമതി കൊടുത്തത്.
പെട്രോളിനും ഡീസലിനും കേരളത്തിലേതിനേക്കാള്‍ ലീറ്ററിന് 12 രൂപ വരെ ലാഭിയ്ക്കാം മാഹിയില്‍.. ഇതുവഴി കടന്നുപോകുന്നവരൊക്കെ മാഹി ടൗണിലെ പമ്പുകളെയായിരുന്നു പണ്ടുമുതല്‍ ആശ്രയിച്ചത്. എന്നാല്‍ ബൈപ്പാസ് വന്നതോടെ പമ്പുകള്‍ പതുക്കെ അങ്ങോട്ട് ചുവടുമാറ്റിത്തുടങ്ങി. പുതിയ പമ്പുകള്‍ക്കായി ബോര്‍ഡുകള്‍ സ്ഥാപിച്ചുകഴിഞ്ഞു.
പുതുച്ചേരി സര്‍ക്കാര്‍ വരുമാന വര്‍ധനയ്ക്കായി നിയമങ്ങള്‍ ലളിതമാക്കിയതാണ് പമ്പുകള്‍ക്ക് ഗുണമായത്. അതേതായാലും ദീര്‍ഘദൂര യാത്രക്കാര്‍ക്ക് തിരക്കില്ലാതെ ഇന്ധനമടിച്ച് വേഗത്തില്‍ യാത്രതുടരാന്‍ എളുപ്പമാക്കും. നിലവിലെ പമ്പുകളിലെ നീണ്ട കാത്തുനില്‍പ്പും ഒഴിവാകും. ഒരു കിലോമീറ്ററില്‍ തന്നെ നിരനിരയായി പമ്പുകള്‍ വരുമ്പോള്‍ പാരിസ്ഥിതിക പ്രശ്നങ്ങള്‍ നേരിടേണ്ടിവരുമെന്ന ആശങ്ക നാട്ടുകാര്‍ക്കുണ്ട്. തീപിടിത്തമുണ്ടായാല്‍ മാഹി ടൗണില്‍ നിന്ന് അഗ്നിരക്ഷാ സേനയ്ക്ക് എളുപ്പത്തില്‍ എത്താന്‍ കഴിയില്ലെന്നതും പ്രശ്നമാണ്.