കണ്ണൂർ പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ ഭീഷണിയായി നിലംപൊത്താറായ ഇരുനില കെട്ടിടം. രണ്ടുവർഷം മുമ്പ് പൊളിച്ച് നീക്കാൻ മരാമത്ത് വകുപ്പ് ആവശ്യപ്പെട്ടെങ്കിലും ആരോഗ്യവകുപ്പ് അനുമതി നൽകിയിട്ടില്ല. ഉപയോഗശൂന്യമായ കെട്ടിടത്തിന് ചുവട്ടിലൂടെയാണ് ആളുകൾ ആശുപത്രിക്ക് പുറത്തേക്ക് വരുന്നതും, ആംബുലൻസുകൾ പാർക്ക് ചെയ്തിരിക്കുന്നതും.
പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ കഴിഞ്ഞ മഴയത്ത് പഴകിദ്രവിച്ച ഈ കെട്ടിടത്തിൽ നിന്നും സൺ ഷെയ്ഡ് തകർന്ന് താഴേക്ക് വീണു. മുഴുവൻ സൺഷൈഡുകളും അടർത്തി മാറ്റുക അല്ലാതെ അപകടാവസ്ഥയിലായി കെട്ടിടം പൊളിച്ചു നീക്കാൻ ഒരു നടപടിയുമില്ല. രണ്ടുവർഷം മുമ്പ് കെട്ടിടം പൊളിച്ചു നീക്കണമെന്ന് മരാമത്ത് വകുപ്പ് റിപ്പോർട്ട് നൽകിയതാണ്. ആശുപത്രി അധികൃതർ ജില്ലാ മെഡിക്കൽ ഓഫീസർ വഴി ആരോഗ്യവകുപ്പിനോട് പൊളിച്ച് നീക്കാൻ അനുമതിയും ആവശ്യപ്പെട്ടു. ഇതുവരെ അതുമതി ലഭിച്ചിട്ടില്ല.
കെട്ടിടത്തിന് ചുവട്ടിലാണ് ആംബുലൻസും മറ്റു വാഹനങ്ങളും പാർക്ക് ചെയ്യുന്നത്. രോഗികളും ബന്ധുക്കളും ഈ കെട്ടിടത്തിന് സമീപത്തുകൂടിയാണ് പുറത്തേക്ക് വരുന്നത്. ഇതിനകത്ത് പ്രവർത്തിച്ചിരുന്ന ഡയാലിസിസ് സെന്‍ററും ഡി അഡിക്ഷൻ സെന്‍ററും പുതിയ കെട്ടിടത്തിലേക്ക് മാറ്റി. പക്ഷേ ജനങ്ങൾക്ക് ഭീഷണിയായ കെട്ടിടം പൊളിച്ചു നിൽക്കാൻ മാത്രം നടപടിയില്ല. കെട്ടിടം രോഗികളുടെ തലയിൽ വീണാലെങ്കിലും ആരോഗ്യവകുപ്പിന് അനക്കം വയ്ക്കുമോ എന്നതാണ് ചോദ്യം.