35 വര്‍ഷമായി യാത്രാദുരിതത്തിന് മാറ്റമില്ലാതെ കണ്ണൂര്‍ നടുവില്‍ പഞ്ചായത്തിലെ ഉത്തൂര്‍ നിവാസികള്‍. വര്‍ഷങ്ങളായി വാഗ്ദാനമല്ലാതെ ടാറിങ്ങിനുള്ള നടപടികളുണ്ടാകുന്നില്ലെന്നാണ് പരാതി. കടുത്ത അവഗണനക്കെതിരെ പ്രതിഷേധത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.
തിരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍ വോട്ടുപിടിയ്ക്കാന്‍ റോഡ് നന്നക്കിത്തരാമെന്ന വാഗ്ദാനത്തിന് ഈ റോഡിനോളം പഴക്കമുണ്ട്. ഉത്തൂര്‍ നിവാസികള്‍ ഈ പറച്ചില്‍ കേട്ട് മടുത്തു. മണ്‍റോഡിലൂടെ യാത്ര ദുഷ്കരം. ഒരു ഓട്ടോ വിളിച്ചാല്‍ പോലും വരില്ല. മഴക്കാലത്ത് കുത്തിയൊലിക്കും. മഴക്കാലം അടുക്കാറായതോടെ ആശങ്കയും നാട്ടുകാര്‍ക്ക് ഇരട്ടിയായി
ടാറിങ് ചെയ്ത റോഡെന്ന സ്വപ്നത്തിന് കാലം എത്രദൂരം സഞ്ചരിക്കണമെന്ന് നാട്ടുകാര്‍ക്കറിയില്ല. വരുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് ചോദിച്ചുവരേണ്ടെന്നാണ് പഞ്ചായത്ത് അധികൃതരോട് നാട് പറയുന്നത്. ഉത്തൂരില്‍ യാത്രാദുരിതമില്ലെന്നാണ് നടുവില്‍ പഞ്ചായത്ത് അധികൃതരുടെ വാദം. മറിച്ചുള്ളതെല്ലാം തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള മുതലെടുപ്പാണെന്നാണ് മറുപടി