സര്‍ക്കാര്‍ ജീവനക്കാരായിട്ടും ശമ്പളം വര്‍ധിപ്പിക്കാതെ സര്‍ക്കാര്‍ വഞ്ചിക്കുന്നുവെന്ന് ആരോപിച്ച് കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളജിലെ നഴ്സുമാര്‍ സമരത്തിലേക്ക്. നഴ്സസ് ദിനത്തില്‍ കറുത്ത ബാഡ്ജ് കുത്തി കരിദിനം ആചരിച്ച് നഴ്സുമാര്‍ സൂചനാ പണിമുടക്ക് നടത്തി പ്രതിഷേധം കടുപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. ശമ്പള വര്‍ധനയില്ലെന്നത് മാത്രമല്ല, വെറുംകൈയ്യോടെ വിരമിച്ച് പടിയിറങ്ങേണ്ട ദുരവസ്ഥയാണെന്നതുമാണ് നഴ്സുമാരുടെ സങ്കടം.
"മാലാഖമാരെന്ന് വിളിപ്പേരേയുള്ളൂ.. ആരും മാലാഖമാരുടെ സങ്കടങ്ങള്‍ തിരക്കാറില്ല." സനിമാ ഡയലോഗ് അന്വര്‍ഥമാക്കുന്നതാണ് പല നഴ്സുമാരുടെയും അവസ്ഥ. സീനിയോരിയിറ്റിയുള്ള നഴ്സുമാര്‍ അവകാശങ്ങള്‍ക്കായി പോരാടുമ്പോള്‍ പോലും രോഗികളെ മറന്നില്ല. ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ബാധിക്കാതെ അവര്‍ അവര്‍ക്കുവേണ്ടി ശബ്ദിക്കുകയായിരുന്നു. സഹകരണ സ്ഥാപനമായിരുന്ന പരിയാരം മെഡിക്കല്‍ കോളജ് 2019ലാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. പലരെയും വഴിയെ സര്‍ക്കാര്‍ ജീവനക്കാരാക്കി. എന്നാല്‍ 2019 മുതലുള്ള പ്രവൃത്തിപരിചയം മാത്രമാണ് ഇവര്‍ക്ക് സര്‍ക്കാര്‍ കണക്കില്‍. 30 വര്‍ഷം വരെ അനുഭവസമ്പത്തുള്ള നഴ്സുമാരാണ് ഇതില്‍ പെട്ടുപോയത്. സീനിയോരിറ്റി പ്രകാരം ശമ്പളവര്‍ധനയ്ക്ക് അര്‍ഹതയുള്ള ഇവര്‍ക്ക് സര്‍ക്കാര്‍ ശമ്പളം വെട്ടിക്കുറച്ചു. മുന്‍കാല സര്‍വീസ് ഇതുവരെ പരിഗണിച്ചില്ല. ഇതാണ് പ്രതിഷേധത്തിന് കാരണം.
വര്‍ഷങ്ങളായി സര്‍ക്കാരിന്‍റെ മുന്നില്‍ പരിയാരത്തെ നഴ്സുമാര്‍ ഈ ആവശ്യങ്ങള്‍ മുന്നോട്ടുവെയ്ക്കാന്‍ തുടങ്ങിയിട്ട്. തിരിഞ്ഞുനോക്കുന്ന മട്ടില്ല. ഇതോടെയാണ് നഴ്സുമാരെ വാഴ്ത്തുന്ന ദിനത്തില്‍ തന്നെ കണ്ണീര്‍ മുദ്രാവാക്യങ്ങളുമായി അവര്‍ ഡ്യൂട്ടിക്കിടയില്‍ മുഷ്ടിചുരുട്ടിയിറങ്ങിയത്. സര്‍ക്കാര്‍ രേഖകളില്‍ ആറുവര്‍ഷം മാത്രം പ്രവൃത്തി പരിചയമുള്ള ഈ നഴ്സുമാര്‍ക്ക് റിട്ടയര്‍മെന്‍റ് ആനുകൂല്യങ്ങള്‍ പോലും ഉണ്ടാകില്ല. കാലങ്ങളോളം ആത്മാര്‍ഥ സേവനം ചെയ്തിട്ട് വെറുംകൈയ്യോടെ ഇറങ്ങിപ്പോയവര്‍ ഏറെയാണ്. കൈവിടരുതെന്നാണ് നമ്പര്‍വണ്‍ ആരോഗ്യകേരളമെന്ന് കൊട്ടിഘോഷിക്കുന്ന സര്‍ക്കാരിനോട് മാലാഖമാരുടെ അഭ്യര്‍ഥന.