കണ്ണൂര്‍ മുണ്ടയാട് ദേശീയപാതയ്ക്ക് അടിപ്പാതയുണ്ടെങ്കിലും നാട്ടുകാര്‍ക്ക് പ്രവേശനമില്ല. അടിപ്പാതയുടെ രണ്ടുവശവും ദേശീയപാത അതോറിറ്റി ഗേറ്റ് വെച്ച് അടച്ചു. സമീപത്തെ പോള്‍ട്രി ഫാമിന് ഉപയോഗിക്കാന്‍ മാത്രമുള്ള അണ്ടര്‍പാസാണെന്നാണ് അധികൃതരുടെ വിചിത്രവാദം.
മുണ്ടയാട് ജംഗ്ഷന് മുകളിലൂടെയുള്ള ഫ്ലൈ ഓവറിന്‍റെ പണി പുരോഗമിക്കുമ്പോള്‍ 50 മീറ്റര്‍ മാറി നിര്‍മിച്ച അടിപ്പാതയിലേക്ക് നോ എന്‍ട്രി. കാല്‍നട യാത്രക്കാര്‍ പോലും കടക്കാതിരിക്കാന്‍ ഗേറ്റുവെച്ച് താഴിട്ടങ്ങ് പൂട്ടി. ഒരേ സമയം ഞെട്ടലും കൗതുകവും. എന്തിനാണിങ്ങനെ, മറ്റെവിടെയും കണ്ടിട്ടില്ലല്ലോ ഇതുപോല, ആരെയാണ് NHAI വെല്ലുവിളിക്കുന്നത്, നാട്ടുകാരെയോ.. ചോദ്യങ്ങള്‍ പലതാണ്.
സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പോള്‍ട്രി ഫാമിന് തൊട്ടരികെയാണീ അടിപ്പാത. പോള്‍ട്രിഫാമിന് മാത്രമായി നിര്‍മിച്ചതെന്നാണ് വാദം. അടച്ചിട്ടത് സാമൂഹികവിരുദ്ധരുടെ താവളമാകുമെന്ന് കരുതിയാണെന്നും വിശദീകരണം. ഇനി പോള്‍ട്രി ഫാം അധികൃതര്‍ കനിഞ്ഞാലേ അടിപ്പാത തുറക്കു. ചുരിക്കിപ്പറഞ്ഞാല്‍ അപ്പുറത്തുനിന്ന് ഇപ്പുറത്തെത്താന്‍ മുണ്ടയാട് ജംഗ്ഷന്‍ വഴി നൂറ് മീറ്ററിലധികം ചറ്റണം. ദേശീയപാതയില്‍ പലയിടത്തും അടിപ്പാത നിര്‍മിക്കാത്തതിനെതിരെ പ്രതിഷേധങ്ങള്‍ പോലും നടക്കുമ്പോഴാണ് നിര്‍മിച്ച അടിപ്പാത പൂട്ടിയിടുന്ന വിചിത്രകാഴ്ച.