കണ്ണൂര്‍ പറശ്ശിനിക്കടവ്–മാട്ടൂല്‍ ജലഗതാഗതം സ്തംഭനാവസ്ഥയില്‍. സര്‍വീസ് നടത്തുന്ന ബോട്ടുകളില്‍ ഒരെണ്ണം സാങ്കേതിക തകരാറിനെ തുടര്‍ന്ന് പിടിച്ചിട്ടതോടെയാണ് യാത്രക്കാര്‍ ദുരിതത്തിലായത്. ഇതോടെ കിലോമീറ്ററുകളോളം റോഡ് മാര്‍ഗം സഞ്ചരിക്കേണ്ട ഗതികേടിലായി നാട്ടുകാര്‍.
പറശ്ശിനിക്കടവ് മുതല്‍ മാട്ടൂല്‍ വരെയുളള ജലപാത ഉപയോഗപ്പെടുത്തുന്നവര്‍ ഏറെയാണ്. പറശ്ശിനിക്കടവ് ക്ഷേത്രത്തിലെത്തുന്നവരും, വിനോദസഞ്ചാരികളും ദൈനംദിന യാത്രക്ക് ആശ്രയിക്കുന്ന നാട്ടുകാരും ഇതില്‍ പെടും. എന്നാല്‍ ഇപ്പോള്‍ ആകെ സര്‍വീസ് നടക്കുന്നത് മാട്ടൂല്‍ മുതല്‍ അഴീക്കല്‍ വരെ മാത്രം. പറശ്ശിനിക്കടവിലേക്ക് സര്‍വീസ് നടത്തിയിരുന്ന ബോട്ട് രണ്ടാഴ്ചയായി അനങ്ങിയിട്ട്.
അഴീക്കല്‍ ഫെറിയില്‍ കെട്ടിയിട്ട ബോട്ടിന് സാങ്കേതിക തകരാറെന്ന് ജലഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍. ഉടന്‍ അറ്റകുറ്റപ്പണി നടത്തുമെന്നും വിശദീകരണം. പഴകി ദ്രവിച്ച ബോട്ടുകളാണ് ആധുനിക കാലത്തും തുഴഞ്ഞോടുന്നത്. പുതിയ ബോട്ടുകള്‍ കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യപ്പെട്ടിട്ടും കടല്‍മാര്‍ഗം എത്തിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നെത്തുമെന്ന് ചോദിക്കുന്നു നാട്ടുകാര്‍.