നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷനൽ പ്ലാനിങ് ആൻഡ് അഡ്മിനിസ്ട്രേഷന്റെ (NIEPA) 2023-24 വർഷത്തെ വിദ്യാഭ്യാസ ഭരണ നിർവഹണത്തിലെ നൂതന ആശയങ്ങൾക്കും മികച്ച പ്രവർത്തന രീതികൾക്കുമുള്ള പുരസ്കാരം മുൻ നിലമ്പൂർ ബിപിസി എം മനോജ് കുമാറിന്.  ഇന്ത്യയിലെ ജില്ലാ-ബ്ലോക്ക് തല വിദ്യാഭ്യാസ ഓഫീസർമാർക്ക് നൽകുന്ന വിദ്യാഭ്യാസ ഭരണ നിർവഹണത്തിലെ നൂതന ആശയങ്ങൾക്കും മികച്ച പ്രവർത്തന രീതികൾക്കുമുള്ള ദേശീയ അവാർഡാണ് ലഭിച്ചത്. ന്യൂഡൽഹിയിൽ നീപ ( NIEPA) ആസ്ഥാനത്ത് പുരസ്കാരം സമ്മാനിച്ചു. NCERT മുൻ ഡയറക്ടർ പത്മശ്രീ പ്രഫ: ജെ എസ് രജപുത്  അവാർഡ്ദാനം നിർവഹിച്ചു. നീപ ചാൻസലർ പ്രഫ: രാമ ശങ്കർ ദുബെ ആധ്യക്ഷ്യം വഹിച്ചു. വൈസ് ചാൻസലർ പ്രഫ ശശികല വഞ്ചാരി, പ്രഫ വിനീത സിറോഹി, നീപ രജിസ്ട്രാർ CS സൂര്യ നാരായൺ മിശ്ര എന്നിവർ സംസാരിച്ചു.  രാജ്യസഭ എംപി വിനോദ് ശ്രീധർ  തവ്ഡെ വിശിഷ്ടാതിഥിയായി 

സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിൽ സമത്വവും വൈവിധ്യവും പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സ്വീകരിച്ച നൂതന പ്രവർത്തനങ്ങൾക്കാണ് അംഗീകാരം ലഭിച്ചത്. കോവിഡിന് ശേഷം നിലമ്പൂർ ഉപജില്ലയിലെ ഉൾവനങ്ങളിൽ താമസിക്കുന്ന ചോലനായിക്ക വിഭാഗം കുട്ടികൾ ഉൾപ്പെടെ പിന്തുണ ആവശ്യമുള്ള കുട്ടികളെ വിദ്യാലയങ്ങളിലേക്ക് തിരികെ എത്തിക്കുന്നതിനും അവരുടെ പഠന തുടർച്ച ഉറപ്പുവരുത്തുന്നതിനും വേണ്ടി വിവിധ ഏജൻസികളുടെ ഏകോപനത്തിലൂടെ നടപ്പിലാക്കിയ പ്രവർത്തനങ്ങള്‍ ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. മുഴുവൻ കുട്ടികളുടെയും സ്കൂൾ പ്രവേശനവും തുടർച്ചയും, സാംസ്കാരിക പശ്ചാത്തലം പരിഗണിച്ചുകൊണ്ടുള്ള ബോധന തന്ത്രം, കുട്ടികളുടെ ആത്മവിശ്വാസവും ആത്മാഭിമാനവും വളർത്തുന്നതിന് വേണ്ടിയുള്ള നടപടികൾ, അടിസ്ഥാന ശേഷികൾ ഉറപ്പുവരുത്തുന്നതിന് വേണ്ടിയുള്ള ഇടപെടലുകൾ , അടിസ്ഥാന രേഖകൾ ഉറപ്പുവരുത്തുന്നതിന് വേണ്ടിയുള്ള ഇടപെടലുകൾ എന്നിവയാണ് പരിഗണിച്ചത്. 

 

കൊവിഡിന് ശേഷം സ്കൂളുകളിലേക്ക് തിരികെ എത്താതിരുന്ന പുലിമുണ്ട ഉന്നതിയിലെ കുട്ടികളെ തിരികെ എത്തിക്കുന്നതിന് വേണ്ടി നടപ്പിലാക്കിയ എങ്കെ എങ്ക കൂട്ടം പദ്ധതി, ആദിവാസി ഊരുകളിൽ ഓൺലൈൻ പഠനകേന്ദ്രങ്ങൾ, കാട്ടാനയുടെ ആക്രമണത്തിൽ മരണപ്പെട്ട പൂച്ചപ്പാറ മണിയുടെ മകൾക്ക് വേണ്ടി തയ്യാറാക്കിയ പ്രത്യേക പഠന പദ്ധതി തിങ്ക ബാന് ബെള്ളി, പോത്തുകല്ല് പഞ്ചായത്തിൽ നടപ്പിലാക്കിയ സേവാസ് പദ്ധതി, പ്രളയ കാലത്ത് വാണിയമ്പുഴ ബദൽ സ്കൂളിൽ വച്ച് നടപ്പിലാക്കിയ പഠന വീട് പദ്ധതി, ഗോത്ര വിഭാഗം ഭിന്നശേഷി കുട്ടികളുടെ ആകാശയാത്ര ഉയരെ , കൽക്കുളം എം എം എം എൽ പി സ്കൂളിൽ നടപ്പിലാക്കിയ പഠിപ്പുറസി പദ്ധതി എന്നിവ ഉൾക്കൊള്ളുന്ന പ്രവർത്തന പദ്ധതികളാണ് നടപ്പിലാക്കിയത്.  നിലമ്പൂർ ബി ആർ സി യുടെ നേതൃത്വത്തിൽ ആരംഭിച്ച തിരികെ പദ്ധതി പിന്നീട് സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിച്ചു. മുണ്ടേരി ഗവ ഹൈസ്കൂളിലെ അധ്യാപകർ, ഞെട്ടിക്കുളം എ യു പി സ്കൂൾ മാനേജ്മെൻറ്, അധ്യാപകർ, നിലമ്പൂർ ഐ ജി എം എം ആർ സ്കൂൾ അധ്യാപകർ എന്നിവർ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു.

നിലവിൽ കാസർഗോഡ് മൊഗ്രാൽ ഗവ വി എച്ച് എസ് സ്കൂളിൽ ധനശാസ്ത്ര അധ്യാപകനാണ് എം മനോജ് കുമാർ. 

ENGLISH SUMMARY:

M. Manoj Kumar has received a national award for his innovative educational initiatives and best practices in educational administration. This recognition highlights his significant contributions to fostering educational equity and implementing successful programs for disadvantaged students.