കാട്ടാന ശല്യത്തിൽ പൊറുതിമുട്ടി മനുഷ്യർ നാടുവിട്ടതോടെ ആളൊഴിഞ്ഞ ഗ്രാമമായി മാറുകയാണ് കണ്ണൂർ ചെറുപുഴയ്ക്കടുത്തുള്ള രാജഗിരി. മുൻപ് പതിനാലോളം കുടുംബങ്ങൾ വസിച്ചിരുന്ന ഇവിടെ, നിലവിൽ ഒരാൾ മാത്രമാണ് താമസം. കാട്ടാനകൾ ജനവാസമേഖലയിലിറങ്ങി കൃഷിയും വീടുകളും വ്യാപകമായി നശിപ്പിക്കാൻ തുടങ്ങിയതോടെയാണ് ആളുകൾ ഗ്രാമം ഉപേക്ഷിക്കാൻ നിർബന്ധിതരായത്.
ജനിച്ചുവളർന്ന മണ്ണും വീടും ഉപേക്ഷിച്ച്, ഒരായുസ്സ് മുഴുവൻ അധ്വാനിച്ചു കെട്ടിപ്പടുത്ത സർവ്വതും ഇട്ടറിഞ്ഞാണ് ജീവനും കൊണ്ട് രാജഗിരിയിലെ മനുഷ്യർ മറ്റിടങ്ങളിലേക്ക് പലായനം ചെയ്തത്. ഇപ്പോൾ ചന്തു എന്നയാൾ മാത്രമാണ് ഈ ഗ്രാമത്തിലെ ഏക അന്തേവാസി.
കർണാടക വനത്തിനോട് ചേർന്നുള്ള അതിർത്തി പ്രദേശമാണിത്. രാത്രിയായാൽ ചുറ്റും കാട്ടാനകളുടെ ചിന്നംവിളി ശബ്ദം മാത്രമാണ് കേൾക്കാനാകുക. വന്യമൃഗങ്ങളെ ഭയന്ന് ജീവൻ പണയപ്പെടുത്തിയാണ് ചന്തുവിന്റെ ഇവിടുത്തെ ജീവിതം. മഴക്കാലമായാൽ പ്രദേശത്ത് വൈദ്യുതി പോലും ഉണ്ടാവാറില്ല. തകരാറുകൾ പരിഹരിക്കാനുള്ള അറ്റകുറ്റപ്പണികൾക്കായി, കാട്ടാനകളെ ഭയന്ന് കെഎസ്ഇബി ജീവനക്കാർ പോലും ഇവിടേക്ക് വരാൻ മടിക്കുകയാണ്.
രണ്ട് വർഷം മുൻപ് ഈ പ്രദേശത്തുവെച്ച് കാട്ടാനയുടെ ആക്രമണത്തിൽ ഒരു യുവാവിന് ജീവൻ നഷ്ടമായിരുന്നു. വന്യമൃഗ ശല്യത്തിന് പുറമെ, റോഡ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ കുറവും രാജഗിരിയിലെ ജീവിതം പൂർണ്ണമായും ദുസ്സഹമാക്കുന്നുണ്ട്.