arrest

TOPICS COVERED

കോഴിക്കോട് സെന്റ് പാട്രിക്സ് പള്ളിക്കു പിന്നിലെ മതബോധന ഓഫിസിന് തീ വെച്ച പ്രതി പിടിയിൽ. ഒഡീഷ സ്വദേശി ജയന്ത് നായിക്കിനെയാണ് ചെമ്മങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യ ലഹരിയിലാണ് കെട്ടിടത്തിന് തീയിട്ടതെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി.

 

കോഴിക്കോട്ടെ വിവിധ ഹോട്ടലുകളിൽ ജോലി ചെയ്തിരുന്ന ജയന്തയുടെ പശ്ചാത്തലം പൊലീസ് പരിശോധിക്കുകയാണ്. മൂന്ന് മാസം മുൻപ് കോഴിക്കോട് എത്തിയ ഇയാൾ ബംഗളുരുവിൽ നിന്നാണ് ആധാർ കാർഡ് സ്വന്തമാക്കിയത്. മാഹിയിൽ പോയി മദ്യം കഴിച്ച് ആ ലഹരിയിൽ പള്ളി കെട്ടിടത്തിന് തീയിട്ടുവെന്നതിനപ്പുറം മറ്റു ഉദ്ദേശങ്ങൾ ഇല്ലെന്നാണ് പ്രതിയുടെ മൊഴി. പള്ളി കത്തിക്കുന്ന സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പൊലീസ് ജയന്തയിലേക്ക് എത്തിയത്. ഇന്ന് ഭക്ഷണം കഴിക്കാൻ എത്തുന്നതിനിടെ മഫ്തിയിലെത്തിയ പൊലീസ് സംഘം പ്രതിയെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.

 

ശനിയാഴ്ച പുലർച്ച 4.45 നാണ് ജയന്ത പള്ളി കെട്ടിടത്തിന് തീയിട്ടത്. കെട്ടിടത്തിന് സമീപം പാർക്ക് ചെയ്ത കാറും പ്രതി കത്തിച്ചു.

സെന്റ് പാട്രിക്സ് പള്ളിക്ക് പിന്നിൽ മതബോധന ക്ലാസുകൾ നടന്നുവന്ന പഴയ കെട്ടിടത്തിൽ രൂപക്കൂട് വിളക്ക്, രൂപങ്ങൾ, പളളിയുമായി ബന്ധപ്പെട്ട രേഖകൾ, പുസ്തകങ്ങൾ തുടങ്ങിയവയാണ് ഉണ്ടായിരുന്നത്. മേൽക്കൂരയും ഫർണീച്ചറുകളും ഉൾപ്പെടെ കെട്ടിടം പൂർണമായും നശിച്ചു. പളളി പെരുന്നാളിന് സൂക്ഷിച്ച സാധനങ്ങളും കത്തിനശിച്ചു. ഫയർഫോഴ്സ് എത്തിയാണ് തീയണച്ചു. സമീപത്തുള്ള പള്ളിയുടെ പ്രധാന വാതിലും തീപിടിത്തത്തിൽ ചെറിയ തോതിൽ കത്തിയിരുന്നു.

ENGLISH SUMMARY:

Jayanth Naik, an Odisha native, has been arrested for setting fire to a religious education office behind St. Patrick's Church in Kozhikode. The accused confessed to the police that he committed the act under the influence of alcohol after consuming it in Mahe.