ഒരു മാസത്തേക്ക് അടച്ചിട്ട പാപ്പിനിശേരി, താവം പാലങ്ങളില്‍ അറ്റകുറ്റപ്പണികള്‍ ത്വരിതഗതിയില്‍ പുരോഗമിക്കുകയാണ്. മാര്‍ച്ചോടെ പാലങ്ങളിലെ ജോലികള്‍ പൂര്‍ത്തിയാക്കി തുറന്നുകൊടുക്കാനാകുമെന്നാണ് പ്രതീക്ഷ.
ഇരുപാലങ്ങളില്‍ പാപ്പിനിശേരിയിലായിരുന്നു പടുകുഴികള്‍. പാലം അടച്ചിട്ട് മുമ്പും പലതവണ അറ്റകുറ്റപ്പണി നടത്തിയിട്ടും കുഴി കൂടിക്കൂടി വന്നതല്ലാതെ മാറ്റമുണ്ടായിരുന്നില്ല. ഒടുവില്‍ ഒരാഴ്ച മുമ്പ് ഒരു മാസത്തേക്ക് പാലം പൂര്‍ണമായും അടച്ചിട്ട് പണി തുടങ്ങി. ടാറിങ് മുഴുവനായി നീക്കിയ പാലത്തില്‍ ആദ്യ ലയറായി മൈക്രോ കോണ്‍ക്രീറ്റ് ചെയ്യും. തുടര്‍ന്ന് ടാറിങ്. ഫെബ്രുവരി അവസാനത്തോടെ പാപ്പിനിശേരി പാലം തുറക്കാനാകുമെന്നാണ് പ്രതീക്ഷ
പാലം അടച്ചതോടെ പാപ്പിനിശേരി ടൗണില്‍ വന്‍ ഗതാഗതക്കുരുക്കായി. പയ്യന്നൂര്‍, കാസര്‍കോട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ദേശീയപാതയിലൂടെ വഴിതിരിച്ചുവിടുന്നുണ്ടെങ്കിലും പ്രാദേശിക റൂട്ടുകളില്‍ പോകേണ്ടവര്‍ ദുരിതത്തിലായി.
പാപ്പിനിശേരിയിലേതിന് സമാനമായി തകര്‍ന്ന പഴയങ്ങാടി താവം മേല്‍പ്പാലത്തിനും അറ്റകുറ്റപ്പണികള്‍ക്ക് ഇന്നലെ തുടക്കമായി. ടാറിങ് ഇളക്കിമാറ്റുന്ന ജോലികളാണ് ആരംഭിച്ചത്. വാഹനങ്ങള്‍ വഴിതിരിച്ചുവിടുകയാണിവിടെയും. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇരു പാലങ്ങളിലും വലിയ അഴിച്ചുപണിയ്ക്ക് കളമൊരുങ്ങിയത് പ്രതീക്ഷയോടെയാണ് നാട്ടുകാര്‍ കാണുന്നത്