കോഴിക്കോട് വടകര ജില്ലാ ആശുപത്രിയില്‍ രോഗിക്ക് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കിയതായി പരാതി. തലകറക്കത്തെതുടര്‍ന്ന് ചികില്‍സയ്ക്കെത്തിയ വിദ്യാര്‍ഥിനിക്കാണ് ക്ഷീണം മാറാനായി കാലാവധി കഴിഞ്ഞ് രണ്ടുമാസം കഴിഞ്ഞ മരുന്ന് കുത്തിവച്ചത്. സംഭവത്തില്‍ ആശുപത്രി സൂപ്രണ്ടിനോട് ഡിഎംഒ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
ഇന്നലെയാണ് തലകറക്കത്തെ തുടര്‍ന്ന് മണിയൂര്‍ സ്വദേശിയായ വിദ്യാര്‍ഥിനി ആശുപത്രിയിലെത്തിയത്. തുടര്‍ന്ന് ക്ഷീണം മാറാന്‍ ദ്രവ രൂപത്തിലുള്ള മരുന്ന് കുത്തിയിട്ടു. മരുന്ന് പൂര്‍ണമായും ശരീരത്തിലെത്തി കഴിഞ്ഞപ്പോഴാണ് കുപ്പിയിലെ മരുന്നിന്‍റെ കാലാവധി ശ്രദ്ധിച്ചത്. ഇതില്‍ കഴിഞ്ഞ നവംബര്‍ വരെയേ കാലാവധി ഉള്ളുവെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
പനിയായെത്തിയ മറ്റൊരു കുട്ടിക്കും ഇതേ മരുന്ന് നല്‍കിയതായി പറയുന്നു. രക്ഷിതാക്കളുടെ പരാതിയില്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കുട്ടികള്‍ രണ്ടുപേരും ഇതേ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്.
സംഭവത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട ഡിഎംഒ, പിഴവ് കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.