ദേശീയപാത 66 ൽ മൂന്നാമത്തെ ടോൾ പ്ലാസ മലപ്പുറം വെട്ടിച്ചിറയിൽ നാളെ മുതൽ പ്രവർത്തിച്ചു തുടങ്ങും. ഇന്നു വൈകിട്ട് ട്രെയൽ റൺ ആരംഭിച്ചു കഴിഞ്ഞു. കാറിന് 145 രൂപയും ബസിനും ട്രക്കുകൾക്കും 495 രൂപയുമാണ് ഒരു ഭാഗത്തേക്കുള്ള ടോൾ നിരക്ക്. പാതനിർമാണം പൂർത്തിയാകും മുൻപ് ടോൾ പിരിക്കുന്നതിനെതിരെ മുസ്ലീംലീഗ് അടക്കമുള്ള സംഘടനകൾ സമരം പ്രഖ്യാപിച്ചിട്ടുണ്ട്.
കോഴിക്കോട് കഴിഞ്ഞാൽ പിന്നെ തൃശൂർ ഭാഗത്തേക്ക് പോവുബോഴുള്ള ടോൾ ബൂത്താണ് വെട്ടിച്ചിറയിലേത്. സംവിധാനങ്ങൾ എല്ലാം ഒരുങ്ങി, ഇനി ടോൾ പിരിച്ചു തുടങ്ങിയാൽ മതിയെന്ന് ദേശീയപാത അതോറിറ്റി.
കാർ അടക്കമുള്ള ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് ഒരു ഭാഗത്തേക്ക് 145 രൂപയും മടക്കയാത്ര കൂടി ഉണ്ടെങ്കിൽ 220 രൂപയുമാണ് ഈടാക്കുക. ജില്ലയിൽ റജിസ്റ്റർ ചെയ്ത വാഹനങ്ങൾ ആണങ്കിൽ ഒറ്റത്തവണത്തേക്ക് 75 രൂപ മതി. 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന നാട്ടുകാർക്ക് ഒരു മാസത്തേക്ക് 340 രൂപ അടക്കാം. മിനി ബസ് ഉൾപ്പെടെയുള്ള ലഘു വാണിജ്യ വാഹനങ്ങൾക്ക് ഒരു ഭാഗത്തേക്ക് 235 രൂപയും ഇരുഭാഗങ്ങളിലേക്കായി 355 രൂപയുമാണ് വേണ്ടത്. ബസുകൾക്കും ട്രക്കുകൾക്കും ഒരു ഭാഗത്തേക്ക് 495 രൂപയും ഇരുഭാഗങ്ങളിലേക്കായി 745 രൂപയുമാണ് ഈടാക്കുക. ദേശീയപാത നിർമ്മാണം പൂർത്തിയാവും മുൻപ് ടോൾ പിരിവ് തുടങ്ങിയതിനെതിരെ പ്രക്ഷോഭം ആരംഭിക്കുമെന്ന് മുസ്ലിം ലീഗ് അറിയിച്ചിട്ടുണ്ട്.