കോഴിക്കോട് കൊയിലാണ്ടി തോരായിക്കടവ് പാലത്തിന്റെ നിർമാണത്തിൽ ഗുരുതര വീഴ്ചകൾ. തകർച്ചക്ക് കാരണം ഇരുമ്പ് കമ്പികൾ മുറിഞ്ഞു വീണതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അന്വേഷണത്തിന് ശേഷം നടപടി എടുക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. പൊതുമരാമത്ത് വകുപ്പ് അഴിമതിയുടെ കൂത്തരങ്ങായി മാറിയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയും സമഗ്ര അന്വേഷണം വേണമെന്ന് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാറും ആവശ്യപ്പെട്ടു.
വെൽഡ് ചെയ്ത ഇരുമ്പ് കമ്പികൾ ആണ് മുറിഞ്ഞു വീണത്. വെൽഡിങ്ങിന് പുറമെ ഞട്ടും ബോൾട്ടും ഇട്ട് മുറുക്കിയിരുന്നുവെങ്കിലും ഭാരം താങ്ങാതെ പുഴയിലേക്ക് പതിക്കുകയായിരുന്നു.
ഓരോ അപകടങ്ങൾ ഉണ്ടാകുമ്പോഴും റിപ്പോർട്ട് തേടുന്നതിനപ്പുറം കുറ്റക്കാർക്കെതിരെ നടപടിയെടുക്കുന്നില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ വിമർശിച്ചു. റിയാസ് പൊതുമരാമത്ത് വകുപ്പിന്റെ ചുമതല ഏറ്റെടുത്തശേഷം നിർമ്മാണത്തിനിടെ നാലു പാലങ്ങൾ തകർന്നു. ക്യാപ്സൂൾ മറുപടികൾക്ക് പകരം മന്ത്രിസ്ഥാനം രാജിവെക്കുകയാണ് മുഹമ്മദ് റിയാസ് ചെയ്യേണ്ടത് എന്നും രാഹുൽ മാങ്കൂട്ടത്തിൽ ഫെയ്സ്ബുക്കിൽ കുറിച്ചു. ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാറും അപകടസ്ഥലം സന്ദർശിച്ചു.
നിർമ്മാണത്തിനിടെ തകർന്ന കൂളിമാട് പാലത്തിന് മേൽനോട്ടം വഹിച്ച അതേ ഉദ്യോഗസ്ഥനാണ് തോരായിക്കടവ് പാലത്തിന്റെ നിർമാണത്തിനും മേൽനോട്ടം വഹിക്കുന്നത്.