TOPICS COVERED

കോഴിക്കോട് കോര്‍പ്പറേഷനിലെ കരട് വോട്ടര്‍പട്ടികയില്‍ ഗുരുതര പിഴവുകള്‍. ഒരാളുടെ തിരിച്ചറിയല്‍ കാര്‍ഡില്‍ മാത്രം ആറ് പേര്‍ക്ക് വോട്ട്.ഒരേ വോട്ടര്‍  ഐഡിയില്‍ രണ്ടുപേരുളള നിരവധിപേരുണ്ട്. 

ഒരാളെപ്പോലെ ലോകത്ത് ഏഴുപേരുണ്ടാകുമെന്നാണ് പറയുന്നത്. പക്ഷെ തദ്ദേശ തിരഞ്ഞെടുപ്പിന്റ കരട് വോട്ടര്‍ പട്ടികയില്‍ വന്നപ്പോള്‍ കോഴിക്കോട് കോര്‍പറേഷനില്‍ തന്നെയുണ്ട് ഒരാളെ പോലെ അഞ്ചുപേര്‍.

എലത്തൂര്‍, ചേരിക്കുഴി പറമ്പില്‍  സോമന്‍, ഇലക്ഷന്‍ ഐ ഡി കാര്‍ഡ് നമ്പര്‍ JTL1601111 ഇലക്ഷന്‍ കമ്മീഷന്റ സൈറ്റില്‍ കയറി ഈ നമ്പര്‍ അടിച്ചാല്‍  സോമന് പുറമെ വ്യത്യസ്ത മേല്‍വിലാസത്തിലുള്ള മറ്റ്  അഞ്ചുപേര്‍ കൂടി തെളിയും. ഇതിലാരായിരിക്കും ഒറിജിനല്‍.

​ഇനിയുമുണ്ട് രസകരമായ കാഴ്ചകള്‍ . കോര്‍പറേഷനിലെ പറയഞ്ചേരി വാര്‍ഡിലും  സിവില്‍ സ്റ്റേഷന്‍ വാര്‍ഡിലുമുള്ള തുഷാരമാര്‍ക്ക് ഒരേ വോട്ടര്‍ ഐഡി. പുത്തൂരെ മനീഷയ്ക്കും കൊമ്മേരിയിലെ എന്‍ ടി മനീഷയ്ക്കും അങ്ങനെ തന്നെ.

​കൃത്യമായ പരിശോധനയ്ക്കുശേഷമാണ് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാറുള്ളത്.   തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ വെബ്സൈറ്റില്‍ പരിശോധിച്ച് നേരത്തെ വോട്ട് ഇല്ലന്ന് ഉറപ്പുവരുത്തും.എന്നിട്ടും ഒരേ വോട്ടര്‍ ഐഡി നമ്പറില്‍ പലര്‍ വന്നതെങ്ങനയെന്നാണ് സംശയം. 

​തങ്ങളുടെ പേരില്‍  ഇരട്ടവോട്ടുള്ളത് പലരും അറിഞ്ഞിട്ടില്ല.ഇത് നീക്കം ചെയ്യാതെ പോയാല്‍ കള്ളവോട്ടിനും ഇടയാക്കും.വ്യാപക പരാതി ഉയര്‍ന്നതോടെ  ഇലക്ഷന്‍ കമ്മീഷന്‍ പരിശോധിക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. 

ENGLISH SUMMARY:

The draft voter list for the Kozhikode Corporation has revealed serious errors. It has been found that a single voter ID card is listed with six different names, and there are numerous instances where the same voter ID has been assigned to two different people.