പാലക്കാട്‌ അട്ടപ്പാടിയിൽ നൂറുകണക്കിന് കുടുംബങ്ങൾക്ക് 20 ദിവസമായിട്ടും കുടിവെള്ളമെത്തിയില്ലെന്ന് പരാതി. നരസിമുക്ക് ഊരിലെ കുടുംബങ്ങളാണ് കുടിവെള്ളമില്ലാതെ വലയുന്നത്. അധികൃതരെ അറിയിച്ചിട്ടും പരിഹാരമുണ്ടായില്ലെന്ന് നാട്ടുകാർ 

ഇടയ്ക്കിടെ കനത്ത മഴ പെയ്യുന്നുണ്ടെങ്കിലും അട്ടപ്പാടിയിലെ വിവിധയിടങ്ങളിൽ കുടിവെള്ളത്തിനു ദുരിതം തന്നെയാണ് ബാക്കി. നരസിമുക്ക്, കുന്നഞ്ചാള മേഖലകളിലെ 300 ഓളം കുടുംബങ്ങളാണ് നിലവിൽ കടുത്ത ദുരിതം അനുഭവിക്കുന്നത്. 20 ദിവസമായി ഊരിലേക്ക് വെള്ളമെത്തിയില്ലത്രേ. പഞ്ചായത്തിലും മറ്റും പരാതി നൽകി. പരിഗണിക്കാമെന്ന് അറിയിച്ചെങ്കിലും നീക്കമുണ്ടായില്ലെന്നും പരാതി.

മേഖലയിൽ നിരവധി കുടിവെള്ളപദ്ധതികൾ കുറെ ഉണ്ടെങ്കിലും ഒന്നിലും വെള്ളമില്ല എന്നാണ് സ്ഥിതി. മഴക്കാലത്തു ഇതാണ് അവസ്ഥയെങ്കിൽ വേനൽകാലത് തീരെ വെള്ളം കിട്ടാത്ത സ്ഥിതിയാകുമെന്നും നാട്ടുകാർക്ക് ആശങ്കയുണ്ട്. അതേസമയം ഭവാനി പുഴയിൽ സ്ഥാപിച്ച കുടിവെള്ള പമ്പ് ചെളിയിൽ പൂണ്ടതാണ് കുടിവെള്ള വിതരണത്തിൽ കാലതാമസമുണ്ടായതെന്നും പരിഹരിച്ചിട്ടുണ്ടെന്നുമാണ് അഗളി ഗ്രാമപഞ്ചായത്തിന്റെ വിശദീകരണം.

ENGLISH SUMMARY:

Hundreds of families in Attappady, Palakkad are facing a drinking water crisis for over 20 days. Villages like Narasimmukku and Kunnanchala report that not a drop of water has reached them, despite repeated complaints to the local authorities and panchayat.