വിനോദ സഞ്ചാരികളുടെ മനം മയക്കുന്ന ഇടമാണ് കോഴിക്കോട് ജില്ലയുടെ മലയോര ഗ്രാമമായ പതങ്കയം. വെള്ളച്ചാട്ടവും കാനന ഭംഗിയും ഒരുപോലെ മനോഹരമാക്കുന്ന പതങ്കയത്ത് പക്ഷേ മരണവും ഒളിച്ചിരുപ്പുണ്ട്. ശ്രദ്ധ ഒന്ന് തെറ്റിയാൽ ചുഴികളും പാറകളും ചേർന്ന് ജീവൻ കവരും.
കുത്തിയൊലിച്ച് എത്തുന്ന ഈ മല വെളളം മനസിന് കുളിർ കാഴ്ചയാണ്. പക്ഷേ, പതങ്കയത്തിനെ മരണകയങ്ങൾ ആക്കാനും ഈ വെള്ളത്തിനു കഴിയും. പാറയും കയങ്ങളും ഒരു പോലെ മരണക്കുഴി ഒരുക്കും പതങ്കയത്ത്. സൂക്ഷിച്ചില്ലെങ്കിൽ മരണം ഉറപ്പ്.
ആദ്യ കാഴ്ചയിൽ വെള്ളത്തിനടയിൽ താഴ്ച തോന്നില്ല. പാറ കല്ലുകളിൽ ചവിട്ടി നിൽക്കാമെന്ന് കരുതി ഇറങ്ങിയാൽ ഏത് നിമിഷവും വീണു പോകാവുന്ന കയങ്ങൾ പലയിടങ്ങളിലും ഒളിച്ചിരുപ്പുണ്ട്. നിവരാൻ കഴിയാതെ താഴ്ന്നു പോകും. ഒരു ദശകത്തിനിടെ ഇരുപത്തിമൂന്ന് പേർ ഇവിടെ മരിച്ചിട്ടുണ്ട്. വഴുക്കൽ നിറഞ്ഞ പാറ കല്ലുകളും ആഴം ഒളുപ്പിച്ചിരിക്കുന്ന കയങ്ങളും പിടി തരില്ല.എന്നിട്ടും സഞ്ചാരികൾക്കായി മുന്നറിയിപ്പ് ബോർഡുകളോ ലൈഫ് ഗാർഡുകളോ ഇല്ല.
അപകടം പതിയിരിക്കുന്ന പതങ്കയത്ത് മരണങ്ങൾ തുടർക്കഥയായപ്പോൾ ജില്ലാ ഭരണ കൂടവും നാട്ടുകാരും ചേർന്ന് ഇവിടുത്തേക്കുള്ള വഴി അടച്ച കാലം പോലും ഉണ്ടായിട്ടുണ്ട്.എന്നിട്ടും പാഠം പഠിച്ചോ, ഇല്ലെന്നാണ് ഈ കാഴ്ചകൾ തെളിയിക്കുന്നത്.