അവസാന നാളുകളില്‍ പുസ്തകവായനയോട് മാത്രമായിരുന്നു എം.ജി.എസ്.നാരായണന്‍ എന്ന ചരിത്രകാരന് താല്‍പര്യം. പക്ഷേ കാഴ്ച്ച കുറഞ്ഞ കണ്ണുകള്‍കൊണ്ട് വായിക്കാനാകുമായിരുന്നില്ല. ആ സമയങ്ങളിലെല്ലാം കണ്ണും കാതുമായി എം.ജി.എസിന് തുണ നിന്നത് പി.സി.ഗോപി എന്ന സഹായിയാണ്.
പുസ്തകങ്ങള്‍ എല്ലാം രണ്ടും മൂന്നും ആവര്‍ത്തി വായിക്കുന്നതായിരുന്നു എംജിഎസിന്‍റെ വാര്‍ദ്ധിക്യകാലത്തെ ശീലം. വായനപോലെ തന്നെ കേള്‍വിയും ആസ്വദിച്ച് തുടങ്ങിയത് ഗോപി വന്നത് മുതലാണ്. പത്രം വായിച്ച ശേഷമാണ് പുസ്തകങ്ങളിലേക്ക് കടക്കുക. കേട്ടുകൊണ്ടിരിക്കെ അഭിപ്രായങ്ങളും തുറന്ന് പറയും.
ആറു വര്‍ഷം മുമ്പാണ് ഗോപി എംജിഎസിന്‍റെ അടുത്ത് എത്തുന്നത്. ചെറുപ്പം മുതലേ വായനാ ശീലം ഉണ്ടെങ്കിലും അര്‍ത്ഥം അറിഞ്ഞ് വായിച്ച് തുടങ്ങിയത് സാറിന്‍റെ അടുത്ത് വന്നശേഷമാണെന്ന് പറയും ഗോപി. എസ്.കെ.പൊറ്റക്കാടിന്‍റെ സഞ്ചാരസാഹിത്യം രണ്ടാംവട്ട വായനയിലായിരുന്നു എംജിഎസും ഗോപിയും. അത് മുഴുവനാക്കാനായില്ല, അപ്പോഴേക്കും ന്യുമോണിയ കടുത്ത് ആശുപത്രിയിലേക്ക് പോകേണ്ടി വന്നു.