ഇന്ധന ചോര്‍ച്ചയെ തുടര്‍ന്ന് അടച്ച കോഴിക്കോട് എലത്തൂരിലെ ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ ഇന്ധന സംഭരണകേന്ദ്രം തുറന്നെങ്കിലും പ്ലാന്‍റിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് സമരസമിതിയുടെ തീരുമാനം. പ്ലാന്‍റ് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യത്തില്‍ നിന്ന് പിന്മാറാന്‍ നാട്ടുകാര്‍ തയ്യാറല്ല. ഇന്ധനചോര്‍ച്ചയുണ്ടാക്കിയ മലിനീകരണ പ്രശ്നങ്ങള്‍ പ്രദേശത്ത് അതേപടി തുടരുകയാണ്.
ഇന്ധനചോര്‍ച്ചയെ തുടര്‍ന്നുണ്ടായ വന്‍ പ്രതിഷേധത്തിന്‍റെ ചൂടല്‍പ്പം കുറഞ്ഞപ്പോള്‍ രഹസ്യമായി പ്ലാന്‍റ് തുറന്നു. ഇന്ധനവിതരണവും പുനരാരംഭിച്ചു. എന്നാല്‍ പിന്മാറാന്‍ ഒട്ടും ഉദ്ദേശമില്ലെന്ന് സമരസമിതി. കാലാവധി അവസാനിച്ച ഇന്ധന സംഭരണകേന്ദ്രത്തിന്‍റെ എക്സ്പ്ലോസീവ് ലൈസന്‍സും ജില്ലാ ഭരണകൂടം പുതുക്കി നല്‍കി. ഇന്ധനചോര്‍ച്ചയ്ക്ക് പിന്നാലെ ലൈസന്‍സ് പുതുക്കാന്‍ ജില്ലാകലക്ടര്‍ ആദ്യ ഘട്ടത്തില്‍ വിസമ്മതിച്ചിരുന്നു.
സുരക്ഷാ പരിശോധനകള്‍ക്ക് ശേഷമാണ് ലൈസന്‍സ് പുതുക്കി നല്‍കിയത് എന്നാണ് ജില്ലാഭരണകൂടത്തിന്‍റെ അനൗദ്യോഗിക വിശദീകരണം. കഴിഞ്ഞ ഡിസംബര്‍ 31നാണ് ലൈസന്‍സിന്‍റെ കാലാവധി തീര്‍ന്നത്. അതേസമയം ഇന്ധന ചോര്‍ച്ച നടന്ന് മാസങ്ങളായിട്ടും മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ട റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇതുവരെ എച്ച്.പി.സി.എല്‍ തയ്യാറായിട്ടില്ല.