TOPICS COVERED

ആദിവാസി ഭൂമി അന്യാധീനപ്പെടുന്നത് തടയൽ നിയമപ്രകാരം വിധിയായ മണ്ണില്‍ കൃഷിയിറക്കുന്നതുമായി ബന്ധപ്പെട്ട് ഗായിക നഞ്ചിയമ്മയുടെ കുടുംബവുമായി അട്ടപ്പാടി തഹസിൽദാർ നടത്തിയ ചർച്ചയില്‍ ഫലമുണ്ടായില്ല. നിയമ പ്രശ്നങ്ങളുള്ളതിനാല്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് കൂടുതല്‍ സമയം വേണമെന്നായിരുന്നു റവന്യൂ ഉദ്യോഗസ്ഥരുടെ നിലപാട്. ഒരു മാസത്തിനകം ഭൂമി ലഭിച്ചില്ലെങ്കിൽ അടുത്തമാസം ഭൂമിയിൽ കൃഷിയിറക്കുമെന്ന് നഞ്ചിയമ്മ അറിയിച്ചു. 

നഞ്ചിയമ്മയുടെ ഭർത്താവിന്റെ കുടുംബ ഭൂമിയുടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട തർക്കത്തിലാണ് അട്ടപ്പാടി ട്രൈബൽ താലൂക്ക് തഹസിൽദാർ, ഭൂരേഖ തഹസിൽദാർ എന്നിവർ ചർച്ച നടത്തിയത്. കഴിഞ്ഞവര്‍ഷം അനുകൂല വിധിയുണ്ടായെങ്കിലും വ്യാജരേഖ ഉപയോഗിച്ച് ഭൂമി കൈവശപ്പെടുത്താൻ ശ്രമിക്കുന്നവര്‍ ഹൈക്കോടതിയിൽ നിന്ന് താൽക്കാലിക തടസ ഉത്തരവ് സമ്പാദിച്ചതിനെ തുടർന്നാണ് ഭൂമിയിൽ പ്രവേശിക്കുന്നത് വൈകിയതെന്ന് നഞ്ചിയമ്മ പറഞ്ഞു. കഴിഞ്ഞദിവസം ഭൂമിയിൽ കൃഷിയിറക്കാനെത്തിയ നഞ്ചിയമ്മയെയും കുട്ടംബത്തെയും തഹസിൽദാരും പൊലീസും തടഞ്ഞിരുന്നു. ഇതെത്തുടര്‍ന്നായിരുന്നു ചര്‍ച്ച. 

കോടതി സ്റ്റേ നിലവിലുള്ള സാഹചര്യത്തിൽ നഞ്ചിയമ്മക്ക് ഭൂമിയിൽ പ്രവേശിക്കാനാവില്ലെന്ന് തഹസിൽദാർ അറിയിച്ചു. ഒരു മാസത്തേക്ക് മാത്രമായിരുന്നു സ്റ്റേയെന്നും സ്റ്റേ ലഭിക്കാൻ സഹായിക്കുന്ന വിധത്തിൽ നൽകിയ രേഖകൾ റദ്ദാക്കണമെന്നും നഞ്ചിയമ്മ ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരിലും മന്ത്രിയിലും വിശ്വാസമുണ്ട്. നീതി നടപ്പാക്കാൻ ഒരു മാസം കൂടി കാത്തിരിക്കും. വൈകിയാല്‍ സഹായം തേടി രാഷ്ട്രപതിയെ സമീപിക്കുമെന്നും നഞ്ചിയമ്മ. നഞ്ചിയമ്മയുടെ ഭൂമി വേഗത്തില്‍ തിരികെ കൊടുക്കാൻ സർക്കാർ ഇടപെടുമെന്ന് മന്ത്രി കെ.രാജന്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. 

ENGLISH SUMMARY:

The position of the revenue officials was that the government needs more time to take a decision as there are legal issues