സ്റ്റീൽ കോംപ്ലക്സ് കൈമാറാൻ നീക്കം; ​'ഗൂഢാലോചനയ്ക്ക് പിന്നിൽ സർക്കാര്‍'

പൊതുമേഖലാ സ്ഥാപനമായ കോഴിക്കോട് ചെറുവണ്ണൂരിലെ സ്റ്റീല്‍ കോംപ്ലക്സ് സ്വകാര്യ കമ്പനിക്ക് കൈമാറാനുള്ള നീക്കത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യം ശക്തം.. സര്‍ക്കാര്‍ തലത്തിലുള്ള ഗൂഢാലോചനയാണ് പിന്നിലുള്ളതെന്ന് ആരോപിച്ച് ഐഎന്‍ടിയുസി രംഗത്തുവന്നു. സ്ഥാപനം അടച്ചുപൂട്ടിയതോടെ തൊഴിലില്ലാതായ ജീവനക്കാരെ പരിഗണിക്കാതെ വില്‍ക്കാന്‍ ശ്രമിച്ചതിലും പ്രതിഷേധം ശക്തമാണ്. 

300 കോടി രൂപ വിലമതിയ്ക്കുന്ന ദേശീയപാതയോരത്തെ ഏക്കറുകണക്കിന് ഭൂമി 30 കോടി രൂപയ്ക്കാണ് ഛത്തീസ്ഗഢ് ആസ്ഥാനമായ സ്വകാര്യ കമ്പനിക്ക് കൈമാറാന്‍ നീക്കം നടന്നത്. ചുളുവിലയ്ക്ക് വില്‍ക്കാനുള്ള നീക്കമാണ് ദുരൂഹതയ്ക്ക് ആക്കം കൂട്ടിയത്. പൊതുമേഖല സ്ഥാപനമായ സ്റ്റീല്‍ കോംപ്ലക്സ് സര്‍ക്കാര്‍ അറിയാതെ എങ്ങനെയാണ് വില്‍ക്കുക എന്നാണ് പ്രതിപക്ഷ തൊഴിലാളി സംഘടനകളുടെ ചോദ്യം.

നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലിന്‍റെ കൊച്ചി ബെഞ്ചാണ് സ്റ്റീല്‍ കോംപ്ലക്സ് ഏറ്റെടുക്കാന്‍ ഛത്തീസ്ഗഢ് കമ്പനിക്ക് അനുമതി നല്‍കിയിരുന്നത്. സ്റ്റീല്‍ കോംപ്ലക്സ് കടമെടുത്തിരുന്ന തുകയടക്കം 107 കോടി രൂപയുടെ കുടിശ്ശികയുടെ പേരില്‍ കനറാ ബാങ്ക് നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു സ്വകാര്യ കമ്പനി ഏറ്റെടുക്കാന്‍ ട്രിബ്യൂണൽ വിധിച്ചത്.

 അതിനിടെ,  ട്രിബ്യൂണലിൻറെ വിധിക്കെതിരെ അപ്പീൽ പോകാൻ വ്യവസായ വകുപ്പ് തീരുമാനിച്ചു. വിധി സർക്കാരിൻറെ ഭാഗം കേൾക്കാതെ ആണെന്നും സർക്കാർ നിശ്ചയിച്ച പാട്ട വ്യവസ്ഥയ്ക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് അപ്പീൽ നൽകുക. 

അതേസമയം, ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോഴിക്കോട്ടെ ഇടത് സ്ഥാനാര്‍ഥി എളമരം കരീമിന്‍റെ പ്രകടന പത്രികയില്‍ സ്റ്റീല്‍ കോംപ്ലക്സിനെ സംരക്ഷിക്കുമെന്ന് വാഗ്ദാനം നല്‍കിയിട്ടും സ്ഥലം വില്‍ക്കാന്‍ ശ്രമം നടന്നതിനെ യുഡിഎഫ് ആയുധമാക്കുന്നുണ്ട്..

kozhikode steal complex issue