വ്രത ശുദ്ധിയുടെ റമസാന്‍ അവസാന ദിനങ്ങളിലേക്ക് കടന്നു. ഇനിയുള്ള ഏതാനും ദിവസം ഏറെ പ്രധാനപ്പെട്ടതാണ് വിശ്വാസികള്‍ക്ക്. പുണ്യകര്‍മകങ്ങള്‍ക്ക് ഇരട്ടി പ്രതിഫലമുണ്ടെന്ന് വിശ്വസിക്കുന്ന ദിനരാത്രങ്ങള്‍ അവസാനിക്കുന്നതിനാല്‍ ആരാധനകളില്‍ കൂടുതല്‍ വ്യാപൃതരാവുകയാണ് വിശ്വാസികള്‍. മൂന്ന് പത്തുകളാണ് വിശ്വാസികള്‍ക്ക് റമസാന്‍. അതില്‍ കാരുണ്യത്തിന്‍റെയും പാപമോചനത്തിന്‍റെയും ഇരുപത് ദിനങ്ങള്‍ പിന്നിട്ടു. അവസാന പത്ത് ദിനരാത്രങ്ങള്‍ നരകമോചനത്തിന്‍റേതാണ് ഇസ്ലാം മത വിശ്വാസികള്‍ക്ക്. അതിനാല്‍ നോമ്പുകാലം അവസാനിക്കും മുമ്പ് പള്ളികളിലും വീടുകളിലും വിശ്വാസികള്‍ കൂടുതല്‍ ആരാധനാ കര്‍മങ്ങളില്‍ മുഴുകുകയാണ്..
ആയിരം രാത്രികളേക്കാള്‍ ശ്രേഷ്ഠമെന്ന് വിശ്വസിക്കുന്ന ലൈലത്തുല്‍ ഖദ്‌റിലാണ് ഇസ്ലാം മത വിശ്വാസികള്‍ ഇനി പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നത്. ഇതിന്‍റെ ഭാഗമായി ഇരുപത്തിയേഴാം രാവില്‍ വിപുലമായ പ്രാര്‍ഥനാ ചടങ്ങുകള്‍ വിവിധയിടങ്ങളില്‍ നടക്കും. നോമ്പുകാലം അവസാനിക്കുന്നതോടെ പെരുന്നാള്‍ പൊലിവിലേക്കാണ് വിശ്വാസി സമൂഹം കടക്കുക. ഈ മാസം പത്തിനോ പതിനൊന്നിനോ ശവ്വാല്‍ മാസപ്പിറവി കാണുന്നതോടെ ചെറിയ പെരുന്നാള്‍ പിറക്കുമെന്നാണ് പ്രതീക്ഷ.